മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ട്രാഫിക് വാരാചരണത്തിന് ദോഫാറിൽ തുടക്കമായി. റോയൽ ഒമാൻ പൊലീസിനെ (ആർ.ഒ.പി) പ്രതിനിധാനം ചെയ്ത് ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പരിപാടി നടത്തുന്നത്. ‘നിങ്ങളുടെ ജീവിതം ഒരു വിശ്വാസമാണ്’ എന്ന മുദ്രാവാക്യത്തിൽ മാർച്ച് 11 വരെ നടക്കുന്ന വാരാചരണം ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡോ. ബഖിത് ബിൻ അഹമ്മദ് അൽ മഹ്രി ഉദ്ഘാടനം ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡർ ബ്രിഗ് സലിം ബിൻ മുഹമ്മദ് അൽ ഗൈത്തിയും മറ്റു നിരവധി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
അപകടസാധ്യത കുറക്കുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും റോഡ് ഉപയോക്താക്കൾക്കും ഇടയിൽ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ട്രാഫിക്ക് വാരാചരണം ഉയർത്തിക്കാട്ടുന്നുണ്ട്. ട്രാഫിക് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള ത്രിദിന പ്രദർശനം, ലഘുലേഖകളുടെയും ഗൈഡ് ബുക്കുകളുടെയും വിതരണം, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവ നടക്കും. ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തദാന ക്യാമ്പ്, ദോഫാർ യൂനിവേഴ്സിറ്റി, സലാലയിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്, സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ, വൊക്കേഷനൽ കോളജ് എന്നിവിടങ്ങളിൽ നിരവധി ബോധവത്കരണ പ്രഭാഷണങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.