ആഗോള ഭക്ഷ്യസുരക്ഷ സൂചിക: ജി.സി.സിയിൽ ഒമാൻ നാലാമത്

മസ്കത്ത്: ഇക്കണോമിസ്റ്റ് ഇംപാക്ട് പ്രസിദ്ധീകരിച്ച ആഗോള ഭക്ഷ്യസുരക്ഷ സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒമാൻ നാലാംസ്ഥാനം നേടി. ഭക്ഷ്യലഭ്യത, താങ്ങാനാവുന്ന ഭക്ഷണം, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയിൽ സുൽത്താനേറ്റ് ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണുള്ളത്. ഭക്ഷ്യസൂചികയുടെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും മൂന്നാം സ്ഥാനവും നേടി. ഭക്ഷ്യസുരക്ഷ സൂചികയിൽ ആഗോളാടിസ്ഥാനത്തിൽ ഒമാൻ 40ാം സ്ഥാനത്താണുള്ളത്. 24ാം സ്ഥാനത്തുള്ള ഖത്തറാണ് ജി.സി.സി രാജ്യങ്ങളിൽ ഒന്നാമത്. രണ്ടും മൂന്നും സ്ഥാനത്ത് കുവൈത്തും യു.എ.ഇയുമാണുള്ളത്. ആഗോളതലത്തിൽ കുവൈത്ത് 30, യു.എ.ഇ 35, ബഹ്‌റൈൻ 43, സൗദി അറേബ്യ 44 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ നേടിയത്.

ആഗോളതലത്തിൽ ഫുഡ് അഫോർഡബിലിറ്റി സൂചികയിൽ ഡെന്മാർക്കും അയർലൻഡും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. ഈ സൂചികയിൽ ഒമാൻ ജി.സി.സി രാജ്യങ്ങളിൽ ഒന്നും 88.8 പോയന്റുമായി ആഗോളതലത്തിൽ 18ാം സ്ഥാനത്തുമാണെന്ന് റിപ്പോർട്ട് പറയുന്നു.

ഖത്തർ 31, കുവൈത്ത് 44, ബഹ്‌റൈൻ 46, യു.എ.ഇ 50, സൗദി അറേബ്യ 53 എന്നിങ്ങനെയാണ് ഇതര ജി.സി.സി രാജ്യങ്ങൾ നേടിയ സ്ഥാനങ്ങൾ. പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും മറ്റും ബന്ധപ്പെട്ട സൂചികയിൽ നോർവേയും ഫിൻലൻഡുമാണ് ആഗോളതലത്തിൽ ഒന്നാമത്. ഈ വിഭാഗത്തിൽ 45.2 പോയന്റുമായി ജി.സി.സി രാജ്യങ്ങളിൽ ഒന്നും ആഗോളതലത്തിൽ 76ാം സ്ഥാനത്തുമാണ് ഒമാൻ. ആഗോളതലത്തിൽ സൗദി അറേബ്യ 84, യു.എ.ഇ 88, ഖത്തർ 91, കുവൈത്ത് 93, ബഹ്റൈൻ 107 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ നേടിയത്.

113 രാജ്യങ്ങളിലെ ഭക്ഷ്യലഭ്യത, ഗുണനിലവാരം, താങ്ങാവുന്ന ഭക്ഷണം, ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും, പ്രകൃതി വിഭവങ്ങൾ തുടങ്ങിയ കാര്യങ്ങളായിരുന്നു ആഗോള ഭക്ഷ്യസുരക്ഷ സൂചികക്കായി ഇക്കണോമിസ്റ്റ് ഇംപാക്ട് പരിഗണിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.