മസ്കത്ത്: കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരിച്ചു. വിവിധ ഗവർണറേറ്റുകളിലെ വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലാണ് ഒരാൾ മരിച്ചത്. കാണാതായ ആളുകൾക്കുവേണ്ടിയുള്ള തിരച്ചിലിനിടെ സമാഇൽ വിലായത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവിടെ വാഹനം വെള്ളത്തിൽ ഒഴുകുന്നത് ശ്രദ്ധയൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ രക്ഷിക്കാനായി. മറ്റെരാൾക്കുള്ള തിരച്ചിൽ തുടരുകയാണ്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ വാദികളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആംബുലൻസ് അധികൃതർ രക്ഷിച്ചു. റുസ്താഖ് വിലായത്തിലാണ് സംഭവം. നഖൽ വിലായത്തിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ ഒരാളെയും വാദികളിൽ അകപ്പെട്ട 14പേരെയും രക്ഷിച്ചു.
മസ്കത്തിലെ സീബ് വിലായത്തിലെ വാദിയിൽനിന്ന് രണ്ടു പേരെയും സിവിൽ ഡിഫൻസ് ആംബുലൻസ് അധികൃതർ രക്ഷിച്ചു. തലസ്ഥാന നഗരിയായ മസ്കത്ത് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ചയും മഴ തുടർന്നു. ജനുവരി അഞ്ചുവരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരി ചൊരിഞ്ഞതത്.
റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വാദികൾ നിറഞ്ഞ് കവിഞ്ഞതിനാൽ മുറിച്ച് കടക്കരുതെന്ന് അധികൃതർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.