മസ്കത്ത്: ഹിജ്റ പുതുവത്സര അവധി ദിനത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശിച്ചത് 7,708 പേർ. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽനിന്നാണ് ഇത്രയും ആളുകൾ എത്തിയത്. സന്ദർശകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനുമായി കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നത് ഉൾപ്പെടെ നിരവധി നടപടികൾ മ്യൂസിയത്തിനുള്ളിൽ സ്വീകരിച്ചിട്ടുണ്ടെന്ന് സന്ദർശക സേവന വിഭാഗം മേധാവി നാസർ ബിൻ സയീദ് അൽ റിയാമി പറഞ്ഞു. മ്യൂസിയത്തിലേക്കും എക്സിബിഷൻ ഹാളുകളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മ്യൂസിയം അഡ്മിനിസ്ട്രേഷനും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലാണുള്ളത്. മാർച്ച് 13ന് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമർപ്പിച്ചത്. സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും തുടങ്ങി നിരവധി വിവരങ്ങൾ ആളുകൾക്ക് ഇവിടെനിന്ന് മനസ്സിലാക്കാനാകും. പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വദേശികൾക്കും ജി.സി.സി പൗരൻമാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.