കൂട്ടംകൂടി നിന്നാൽ പിഴ വീഴും; നടപടി കർക്കശമാക്കി അധികൃതർ

മത്ര: കോവിഡ് കാലമാണെന്നത് മറന്ന് സ്ഥാപനങ്ങളിലോ പൊതുനിരത്തിലോ പഴയതുപോലെ കൂട്ടംകൂടി നിൽക്കരുത്. അറിയാതെ ‌പിഴ പിരടിയില്‍ വന്ന് വീഴും.‌ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നുതുടങ്ങിയതോടെ അധികൃതർ നടപടികൾ കർക്കശമാക്കി തുടങ്ങിയിട്ടുണ്ട്​. മത്ര ഗോള്‍ഡ് സൂഖിലേക്കുള്ള വഴിയിലുള്ള ബംഗ്ലാദേശിയുടെ വാച്ചുകടയില്‍ കൂട്ടം‌കൂടി നിന്ന്‌ നാട്ടുവിശേഷങ്ങള്‍ പങ്കുവെച്ച്​ ചില്ലറ സാധനങ്ങള്‍ വാങ്ങാനായി നിന്ന നാലുപേർക്ക്​ കഴിഞ്ഞ ദിവസം പിഴ വീണു. മാസ്ക് മൂക്കിന് താഴെ വെച്ച് കടക്കകത്ത് നിന്നവര്‍ക്കും മുന്നറിയിപ്പ്​ കിട്ടി. ഏത് സമയത്തും ജാഗ്രത കൈവിടരുതെന്ന സന്ദേശമാണ്‌ ഇതിലൂടെ നല്‍കിയതെന്നാണ്‌ മനസ്സിലാക്കേണ്ടതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു.

അനാവശ്യമായി കടക്കകത്തോ സൂഖുകളിലോ കൂട്ടംകൂടി നില്‍ക്കരുതെന്നും കൂടുതൽ കസ്​റ്റമേഴ്​സ്​ വന്നാല്‍‌ അധികം‌ ആളുകളെ അകത്ത് പ്രവേശിപ്പിക്കാതെ മാറ്റിനിര്‍ത്തണമെന്ന്‌ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ ഒത്തുചേരൽ സംഘടിപ്പിച്ച സ്വദേശികളെയും വിദേശികളെയും കഴിഞ്ഞ ദിവസങ്ങളിൽ അറസ്​റ്റ്​ ചെയ്​തിരുന്നു. വടക്കൻ ശർഖിയ പൊലീസ്​ കമാൻഡ്​ ആണ് ഏഷ്യൻ വംശജരായ വിദേശികളെ അറസ്​റ്റ്​ ചെയ്​തത്​. മുസന്ദം ഗവർണറേറ്റിലാണ്​ സ്വദേശികൾ പിടിയിലായത്​. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.