സൂർ: അധികൃതർ നിരവധി തവണ ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടും ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ 150റിയാലാണ് നഷ്ടപെട്ടത്. ഐ.എം.ഒ കാൾ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ പ്രൊഫൈലാക്കിയുള്ള അക്കൗണ്ടിൽനിന്ന് വിളിച്ചാണ് എ.ടി.എം കാർഡ് നമ്പർ തന്ത്രപൂർവം കൈക്കലാക്കി തട്ടിപ്പു നടത്തിയത്.
പൊലീസിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് അറബിയിലും പിന്നീട് ഹിന്ദിയിലും സംസാരിച്ചു. വിശ്വാസ്യതക്കായി ആളുടെ പേരും ലേബർ കാർഡ് നമ്പറും മറ്റും പറഞ്ഞു കൊടുക്കുകയും ചെയ്തു. പൊലീസിനു നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞു ബാങ്ക് കാർഡിന്റെ നമ്പറുകൾ കാണിച്ചു കൊടുക്കാൻ പറയുകയായിരുന്നുവത്രെ.
ഇത്തരം തട്ടിപ്പുകളെ പറ്റി നേരത്തെ അറിയാമായിരുന്നിട്ടും വിളിച്ചയാളുടെ സംസാര രീതിയും പൊലീസിൽ നിന്നാണെന്നുള്ള വിശദീകരണത്താലും താൻ അകപ്പെട്ടുപോകുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായ മലയാളി പറഞ്ഞു. കാർഡ് വിവരങ്ങൾ വിഡിയോയിലൂടെ കാണിച്ചു കൊടുത്തു നിമിഷങ്ങൾക്കുള്ളിൽ കൈയിലുള്ള കാശ് നഷ്ടപ്പെട്ടു. മെസേജ് വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺ കാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചു കഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്.
ഫോൺ കാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പു രീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമെന്ന് വിദഗ്ധർ പറയുന്നു.
ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേരെ റോയൽ ഒമാൻ പൊലീസ് കഴിഞ്ഞമാസം അറസ്റ്റു ചെയ്തിരുന്നു.
ഏഷ്യൻ പൗരത്വമുള്ള പ്രതികളെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസാണ് പിടികൂടിയത്.
പ്രതികൾ ഇരകളെ ഫോണിലൂടെ ബന്ധപ്പെടുകയും അവരുടെ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ കാര്യങ്ങൾ സൂചിപ്പിച്ച് ഒ.ടി.പി ആവശ്യപ്പെടുന്ന രീതിയുമായിരുന്നു സംഘം പയറ്റിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.