മസ്കത്ത്: ഒമാനിൽ വിദേശികൾക്ക് വീടുകൾ സ്വന്തമായി വാങ്ങുന്നതിനുള്ള നിബന്ധനകൾ ഭവന നഗര വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനിൽ കുറഞ്ഞത് രണ്ടു വർഷത്തെ താമസവിസയുള്ള 23 വയസ്സിന് മുകളിലുള്ളവർക്ക് ബഹുനില താമസ, വാണിജ്യ കെട്ടിടങ്ങളിൽ പാട്ടവ്യവസ്ഥയിലാണ് വീടുകൾ കൈമാറാൻ കഴിയുക. 99 വർഷത്തെ പാട്ടവ്യവസ്ഥയാണ് ഉണ്ടാവുക.
മസ്കത്ത് ഗവർണറേറ്റിൽ 45,000 റിയാലും അതിനു മുകളിലും മൂല്യമുള്ളവയാണ് വിൽപന നടത്താൻ പാടുള്ളൂ. മറ്റ് ഗവർണറേറ്റുകളിലാകട്ടെ മൂല്യം 35,000 റിയാലിൽ താഴെയാകാൻ പാടില്ല. ആദ്യ ഘട്ടത്തിൽ മസ്കത്തിൽ ബോഷർ, സീബ്, അമിറാത്ത് എന്നിവിടങ്ങളിൽ മാത്രമാണ് വിദേശികൾക്ക് വിൽക്കാൻ അനുമതിയുള്ളത്. മറ്റ് ഗവർണറേറ്റുകളിലെ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
ഒമാനിലെ താമസാനുമതി കഴിയാത്ത പക്ഷം വിദേശിക്ക് വസ്തുവാങ്ങി നാലുവർഷം കഴിയാതെ വിൽപന നടത്താൻ അനുമതിയുണ്ടായിരിക്കില്ല. ഒരാൾക്ക് ഒരു യൂനിറ്റ് മാത്രം സ്വന്തമാക്കാനാണ് കഴിയുക. സാമ്പത്തിക ആവശ്യത്തിന് ഇത് പണയം വെക്കാൻ അനുമതിയുണ്ടായിരിക്കും. സ്വന്തമായി വാങ്ങാൻ കഴിയാത്ത പക്ഷം രക്തബന്ധത്തിലുള്ള വിദേശിയുമായി പങ്കാളിത്തത്തോടെയും വാങ്ങാൻ സാധിക്കും. ഉടമ മരണപ്പെടുന്ന പക്ഷം നിയമപരമായ അവകാശിക്ക് പാട്ടക്കരാർ കൈമാറുന്നതാണ്.
നാലു വർഷത്തിൽ താഴെ പഴക്കമുള്ളതാകണം കെട്ടിടങ്ങൾ. കുറഞ്ഞത് നാലു നിലകൾ ഉണ്ടാകണം. രണ്ടു കിടപ്പുമുറികൾ ഉള്ളതും എല്ലാ സൗകര്യങ്ങളുമുള്ളതാകണം ഫ്ലാറ്റുകൾ. പരമാവധി 40 ശതമാനം ഫ്ലാറ്റുകൾ മാത്രമാണ് വിദേശികൾക്ക് വിൽപന നടത്താൻ അനുമതിയുണ്ടാവുക.
ഒരു കെട്ടിടത്തിൽ വിൽപന നടത്തുന്ന യൂനിറ്റുകളിൽ ഒരു രാജ്യക്കാർക്ക് പരമാവധി 20 ശതമാനം മാത്രമാണ് വിൽപന നടത്താൻ പാടുള്ളൂ.
വിദേശികൾക്ക് ഫ്ലാറ്റുകൾ സ്വന്തമായി വാങ്ങാൻ അനുമതി നൽകാനുള്ള തീരുമാനം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഭവന നഗര വികസന മന്ത്രി ഡോ.ഖൽഫാൻ അൽ ഷുഐലി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.