മലയാളിയിൽനിന്ന്​ പണം കവർന്ന സംഭവം: കച്ചവടക്കാർ ആശങ്കയിൽ

മത്ര: മലയാളിയുടെ കടയില്‍നിന്നും പണം കവർന്ന സംഭവം കച്ചവടക്കാരില്‍ ആശങ്കയും ഭീതിയും പടര്‍ത്തി. കഴിഞ്ഞ ദിവസമാണ്​ മത്രയിലെ മലയാളിയായ കച്ചവടക്കാരനിൽനിന്ന്​​ 500 റിയാൽ തട്ടിയെടുത്ത്​ മുഖംമൂടിയണിഞ്ഞ സ്ത്രീ കടന്നുകളഞ്ഞത്​. ​മത്ര സൂഖ് പഴയ ഹബീബ് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോസ്മറ്റിക് ഷോപ്പില്‍ ഞായറാഴ്​ച വൈകീട്ടായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം കച്ചവടാവശ്യത്തിനായി ദുബൈയിൽ കൊടുക്കാനായി സുഹൃത്തില്‍നിന്നും സംഘടിപ്പിച്ച പണമാണ്​ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ മുഖം മൂടിയണിഞ്ഞ സ്ത്രീ വന്ന്​ തട്ടിയെടുത്തത്​. ​ സംഭവത്തിൽ മത്ര പൊലീസില്‍ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുകയാണ്​​. ഇത്തരം തട്ടിപ്പുകള്‍ പല രീതിയില്‍ നേരത്തെയും അരങ്ങേറിയിട്ടുണ്ട്. ഒറ്റപ്പെട്ട ഭാഗങ്ങളിലെ കടയില്‍ തനിച്ചുള്ളവരെ തിരഞ്ഞുപിടിച്ചാണ് തട്ടിപ്പുകള്‍ അരങ്ങേറാറുള്ളത്. തൊട്ടുരുമ്മിയെന്നും കയറിപ്പിടിച്ചെന്നുമുള്ള പരാതി പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്​ത്രീകൾ പണം കവരാറുള്ളത്. സമാനമായ അനുഭവങ്ങൾ നേരത്തെയും സൂഖില്‍ നടന്നിട്ടുണ്ട്. ഒരു സംഭവം കഴിഞ്ഞ് നീണ്ട ഇടവേളക്ക് ശേഷമാണ് അടുത്തത് അരങ്ങേറുക. ഒട്ടുമിക്ക കടകളിലും കാമറ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ കടകളിലും കാമറ സ്ഥാപിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദേശവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പണം അപഹരിച്ച കടയില്‍ കാമറ ഇല്ലായിരുന്നതും തട്ടിപ്പുകാരിക്ക് അനുഗ്രഹമായി. മലയാളിയെ തൊഴിച്ചുവീഴ്ത്തി‌ കടന്നുകളഞ്ഞ സ്ത്രീയുടെ ചിത്രം സമീപത്തെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്​.

Tags:    
News Summary - Incident of stealing money from a Malayalee: Traders worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.