മസ്കത്ത്: പ്രതിരോധ സഹകരണ മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും ഒമാനും. പ്രതിരോധ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും കൈമാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണപത്രം ഒപ്പുവെച്ചു. മസ്കത്തിൽ നടന്ന 12ാമത് സംയുക്ത സൈനിക സഹകരണ കമ്മിറ്റി (ജെ.എം.സി.സി) യോഗത്തിൽ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നസീർ ബിൻ അലി അൽ സാബിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കഴിഞ്ഞ ഡിസംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശന വേളയിൽ ‘ഭാവിക്കുവേണ്ടി പങ്കാളിത്തം’ എന്ന തലക്കെട്ടിൽ ഇന്ത്യ-ഒമാൻ സംയുക്ത ദർശന രേഖ മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ധാരണയിലെത്തിയിരിക്കുന്നത്.
ജെ.എം.സി.സി യോഗത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണം ഇരുപക്ഷവും അവലോകനം ചെയ്തു. പരിശീലനം, സംയുക്ത അഭ്യാസ പ്രകടനം, വിവരങ്ങൾ പങ്കിടൽ, സമുദ്രശാസ്ത്രം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് യോഗത്തിൽ ചർച്ചചെയ്തു. ഇത്തരം കാര്യങ്ങൾ ഇരു രാജ്യങ്ങളിലെയും സൈനികർക്കിടയിൽ പരസ്പര വിശ്വാസവും പ്രവർത്തനക്ഷമതയും വളർത്തിയെടുക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രാദേശികവും ആന്തർദേശീയവുമായ വിഷയങ്ങളിൽ വീക്ഷണങ്ങളും കൈമാറി. പ്രതിരോധ വ്യവസായ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉഭയകക്ഷി പ്രതിരോധ ഇടപെടലുകൾ കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഫലപ്രദവും പ്രായോഗികവുമായ സംരംഭങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ചചെയ്തു.
രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന, ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നസീർ ബിൻ അലി അൽ സാബിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തി. ആഭ്യന്തര പ്രതിരോധ വ്യവസായത്തിന്റെ ശേഷിയും സാധ്യതകളും എടുത്തുകാണിക്കുകയും ഒമാനിലെ സായുധ സേനയുമായി ഫലപ്രദമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ്റോസ്പേസ്, നാവിക മേഖലകളിലെ ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക ശേഷി കാണാനായി സെക്രട്ടറി ജനറലിനെയും അദ്ദേഹത്തിന്റെ പ്രതിനിധികളെയും ഇന്ത്യയിലേക്ക് ഗിരിധർ അരമന ക്ഷണിച്ചു.
ൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളികളിൽ ഒന്നാണ് ഒമാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായി പ്രതിരോധ സഹകരണം ഉയർന്നുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.