ഒമാനി-ഇന്ത്യൻ ബിസിനസുകാരുടെ യോഗത്തിൽനിന്ന്
മസ്കത്ത്: വ്യാപാര, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒമാനി-ഇന്ത്യൻ ബിസിനസുകാരുടെ യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷനുമായി സഹകരിച്ച് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് (ഒ.സി.സി.ഐ) പരിപാടി നടത്തിയത്.
പുനരുപയോഗ ഊർജം, എണ്ണ, വാതകം, മത്സ്യബന്ധനം, മത്സ്യകൃഷി, വ്യവസായം, വ്യാപാരം, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, മാനവ വിഭവശേഷി എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കൾ വൈദഗ്ധ്യം കൈമാറുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്തു. സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഒമാനും ഇന്ത്യയും തമ്മിലുള്ള സ്വകാര്യമേഖല സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചേംബറിന്റെ തുടർച്ചയായ ശ്രമങ്ങളുമായാണ് ഈ യോഗം നടന്നതെന്ന് ഒ.സി.സി.ഐ ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. സഹകരണത്തിനുള്ള പുതിയ വഴികൾ തിരിച്ചറിയുന്നതിലും ഉയർന്നുവരുന്ന സാമ്പത്തിക അവസരങ്ങൾ പരമാവധിയാക്കുന്നതിലും ഇത്തരം ഒത്തുചേരലുകൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.
സമീപ വർഷങ്ങളിൽ ഒമാൻ-ഇന്ത്യ സാമ്പത്തിക ബന്ധങ്ങൾ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുണ്ട്. സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിലും നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിലും ഫോറങ്ങളും ബിസിനസ് മീറ്റിങുകളും നിർണായക പങ്കാണ് വഹിക്കുന്നത്. ബിസിനസ് നേതാക്കൾ തമ്മിലുള്ള ഉഭയകക്ഷി ഇടപെടലുകൾ ശക്തമായ വ്യാപാര ബന്ധങ്ങൾക്കും, പുതിയ പങ്കാളിത്തങ്ങൾക്കും, വൈദഗ്ധ്യ കൈമാറ്റത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സുസ്ഥിര വികസനത്തിന് കേന്ദ്രബിന്ദുവായ ഉയർന്ന സാധ്യതയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ചർച്ചകളാണ് യോഗത്തിൽ നടന്നത്. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ എനർജി കമ്മിറ്റി ചെയർമാൻ ഓസ്കാർ കെർകെറ്റയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘവുമായി റാവാസ് കൂടിക്കാഴ്ച നടത്തി.
തന്ത്രപരമായ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലും വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും അവർ ചർച്ചകൾ കേന്ദ്രീകരിച്ചു. ഉഭയകക്ഷി ബന്ധങ്ങളുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങൾ എടുത്തുകാണിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.