മസ്കത്ത്: മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ കേന്ദ്രം പുനഃസ്ഥാപിച്ചുള്ള ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനം ഒമാനിലെ ഇന്ത്യൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വസം പകരുന്നതായി. ഏറെനാളത്തെ അനിശ്ചിത്വങ്ങൾക്കൊടുവിലാണ് ഒമാനടക്കമുള്ള ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ നടക്കുമെന്ന് എൻ.ടി.എ ‘എക്സ്’ പ്ലാറ്റ്ഫോം വഴി കഴിഞ്ഞ ദിവസം അറിയിച്ചത്. ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മസ്കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന് നിവേദനം നൽകിയിരുന്നു. ഇതിനുപുററമെ വെള്ളിയാഴ്ച നടന്ന ഓപൺ ഫോറത്തിൽ വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലും രക്ഷിതാക്കൾ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കേണ്ട ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ 2022ലാണ് ഒമാനിൽ ആദ്യമായിട്ട് പരീക്ഷ കേന്ദ്രം അനുവദിക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 400ൽ അധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഈ വർഷം കൂടുതൽ വിദ്യാർഥികൾ പരീക്ഷക്ക് ഒരുങ്ങവേയാണ് അപ്രതീക്ഷിതമായി കേന്ദ്രം എടുത്തുകളയുന്നത്. ഇതോടെ ഒമാനടക്കമുള്ള രാജ്യങ്ങളിൽനിന്ന് വിദ്യാർഥികൾ ഇന്ത്യയിൽ പോയി പരിക്ഷ എഴുതേണ്ട സ്ഥിതിയായിരുന്നു ആഗതമായിരുന്നത്. ഇതേ തുടർന്ന് ഈ വർഷം പരീക്ഷ എഴുതുന്നില്ലെന്ന് പല വിദ്യാർഥികളും തീരുമാനമെടുത്തിരുന്നു. എന്നാൽ, കേന്ദ്രം അനുവദിച്ചതോടെ ഇവരിൽ പലരും മാറിച്ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.
പ്രവാസികളിൽ അധികവും സാധാരണക്കാരായ ആളുകളാണ്. ദൈനംദിന ചെലവുകൾക്കൊപ്പം വളരെ പ്രയാസപ്പെട്ടാണ് മക്കളുടെ വിദ്യഭ്യാസ കാര്യങ്ങൾ നടത്തുന്നത്. വിമാനനിരക്കും മറ്റ് ചെലവുകളും ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാട്ടിൽപോയി പരീക്ഷ എഴുതൽ കൂടുതൽ സാമ്പത്തിക പ്രയാസങ്ങൾ വരുത്തിവെക്കുമെന്നുമായിരുന്നു രക്ഷിതാക്കൾ അംബാസഡർക്ക് മുന്നിൽ പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന് തന്നെ കേന്ദ്രം പുനഃസ്ഥാപിച്ച് കിട്ടിയത് സന്തോഷമുണ്ടെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു. രജിസ്ട്രേഷൻ നടപടികൾ പല വിദ്യാർഥികളും കഴിഞ്ഞ ദിവസങ്ങളിൽതന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് തിരുത്താൻ അവസരമുണ്ടാവും. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷം, തിരുത്തിനുള്ള അവസരം നൽകുമ്പോൾ ഇവർക്ക് വിദേശത്തെ സെന്ററുകൾ തിരഞ്ഞെടുക്കാവുന്നതാണ്. അതേസമയം, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടു തന്നെ വിദേശ പരീക്ഷാ കേന്ദ്രത്തിന് ഒപ്ഷൻ നൽകാം.
ഒമാനിൽ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിച്ച ഉത്തരവിനെ സ്വഗതം ചെയ്യുകയാണെന്ന് പാരന്റ് കമ്യൂണിറ്റി പ്രതിനിധി ഡോ. സജി ഉതുപ്പാൻ പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അംബാസഡർ അമിത്നാരങ്, എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും എജുക്കേഷൻ കൺസൽട്ടന്റുമായ ജയ്പാൽ ദത്തെക്കും സന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ കേന്ദ്രം ഒഴിവാക്കുന്നതിലൂടെ വിദ്യാർഥികൾ നേരടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി സജി ഉതുപ്പാന്റെയും നേതൃത്വത്തിൽ രക്ഷിതാക്കൾ അംബാസഡർക്ക് നിവേദനം സമർപ്പിച്ചിരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിനിധി കൃഷ്ണേന്ദുവും പറഞ്ഞു. വിഷയം ഓപൺ ഹൗസിലും കൃഷ്ണേന്ദു ഉന്നയിച്ചിരുന്നു.
മസ്കത്ത്: ഒമാനിൽ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിച്ച നടപടി സ്വാഗതാർഹമാണെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർഥികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടൽ തുടരുമെന്ന് പ്രവർത്തകരായ സുനിൽ കുമാർ, സുധി പദ്മനാഭൻ, ഷാജി സെബാസ്റ്റ്യൻ, മനോജ് പെരിങ്ങേത്ത്, ബിജോയ് പാറാട്ട്, വിജയൻ കരുമാടി, സുജിന മനോജ്, വി.എം. അരുൺ, മിഥുൻ മോഹൻ തുടങ്ങിയവർ അറിയിച്ചു.
പരീക്ഷ കേന്ദ്രം ഒഴിവാക്കിയതിനെതിരെ കൈരളി ഒമാന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർക്കു ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ഒമാനിലെ നീറ്റ് പരീക്ഷാകേന്ദ്രം ഉടൻ പുനഃസ്ഥാപിക്കണമെന്നും ചർച്ചയിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കൈരളി ഒമാൻ പ്രവർത്തകർ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളെ വിഷയത്തിൽ ഇടപെടുവിച്ചിരുന്നു.
അതേസമയം, വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമായിരുന്ന വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ട കൈരളി നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും നിരവധി രക്ഷിതാക്കൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിച്ചേക്കാമായിരുന്ന വിഷയത്തിൽ ഒപ്പം നിന്ന മുഴുവൻ രക്ഷിതാക്കൾക്കും നന്ദി അറിയിക്കുന്നതായി കൈരളി ഒമാൻ പറഞ്ഞു.
മസ്കത്ത്: തീരുമാനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണെന്ന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. വിഷയത്തിൽ ഒമാനിലേതുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസി രക്ഷിതാക്കൾ നടത്തിയ പ്രതിഷേധങ്ങൾ ഫലം കണ്ടു. കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരവും ആത്മ വിശ്വാസവും തീരുമാനത്തിലൂടെ ലഭിക്കും. നിലവിൽ സലാലയിൽ ഉള്ള പ്രവാസി വിദ്യാർഥികൾ ആയിരത്തിലധികം കിലോമീറ്റർ താണ്ടി വേണം മസ്കത്തിൽ പരീക്ഷക്കായി എത്താൻ. വരും വർഷങ്ങളിൽ സലാലയിൽ കൂടി നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും വിദേശ രാജ്യങ്ങളിൽ അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങൾ നിലനിർത്താൻ എൻ.ടി.എ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മസ്കത്ത്: നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണെന്ന് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് ചെണ്ടയാട് പ്രസ്താവനയിൽ പറഞ്ഞു. ഇതിനായി പ്രവർത്തിച്ച രക്ഷിതാക്കളടക്കമുള്ള കൂട്ടായ്മകൾക്ക് നന്ദി അറിയിക്കുകയാണ്. കേന്ദ്രം അനുവദിച്ചതോടെ പ്രവാസലോകത്തുനിന്നുതന്നെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരമാണുണ്ടായിരിക്കുന്നത്. രക്ഷിതാക്കളുടെ കൂട്ടായ പ്രതിഷേധത്തിന്റെ ഫലം കൂടിയാണ് ഈ വിജയം. ആദ്യമുതൽ അവസാനംവരെ രക്ഷിതാക്കൾക്ക് പിന്തുണയുമായി ഒ.ഐ.സി.സിയും രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.