മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ പുതിയ അധ്യായന വർഷത്തേക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. തലസ്ഥാന നഗരിയിലെ രണ്ട് അന്താരാഷ്ട്ര സ്കൂളുകളടക്കം ഒമ്പത് ഇന്ത്യൻ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ ഇന്ത്യൻ സ്കൂളുകൾക്കു പുറമെ അൽ ഗൂബ്ര ഇന്റർനാഷനൽ സ്കൂൾ, വാദീ കബീർ ഇന്റർ നാഷനൽ സ്കൂൾ എന്നിവിടങ്ങളിലേക്കും ഓൺലൈൻ രജിസ്ട്രേഷൻ നടക്കും. ഈ ഒമ്പത് സ്കൂളുകളിൽ കെ.ജി ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കായി 5874 സീറ്റൊഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷകൾക്കുശേഷം നറുക്കെടുപ്പിലൂടെയാണ് പ്രവേശനം അനുവദിക്കുക.
ഇന്ത്യൻ സ്കൂളുകളിൽ ഏറ്റവും കൂടുതൽ സീറ്റൊഴിവുകളുള്ളത് കെ.ജി ഒന്നിലാണ്. കെജി ഒന്നിൽ മൊത്തം 2024 സീറ്റുകളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത് മസ്കത്ത് സ്കൂളിലാണ്. മസ്കത്ത് സ്കൂളിൽ കെ.ജി.ഒന്നിൽ 400 സീറ്റുകളും ബൗഷർ ഇന്ത്യൻ സ്കൂളിൽ 320 സീറ്റുകളും സീബ് ഇന്ത്യൻ സ്കൂളിൽ 280 സീറ്റുകളുണ്ട്.
ഏറ്റവുംകുറവ് സീറ്റുകളുള്ളത് അൽ ഗൂബ്ര ഇന്റർനാഷനൽ സ്കൂളിലുമാണ്. കെജി. ക്ലാസിൽ 50 സീറ്റൊഴിവാണ് ഇവിടെയുള്ളത്. കെ.ജി. രണ്ടിലാണ് പിന്നീട് ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത്. കെ.ജി രണ്ടിൽ 784 സീറ്റൊഴിവുണ്ട്. മസ്കത്ത് സ്കൂളിൽ 250ഉം സീബ് സ്കൂളിൽ 160ഉം വദീകബീറിൽ 118 സീറ്റുകളുമാണുള്ളത്.
പിന്നീട് നാലാം ക്ലാസിലാണ് ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത്. മൊത്തം 407 സീറ്റൊഴിവുണ്ട്. വാദീ കബീറിൽ 150 ഉം മസ്കത്ത് ഇന്ത്യൻ സ്കൂളിൽ 100 സീറ്റൊഴിവുണ്ട്. ഏറ്റവും കുറവ് സീറ്റൊഴിവുള്ളത് ഒമ്പതാം ക്ലാസിലാണ്. ഒമ്പതിൽ മൊത്തം 227 സീറ്റുകളുണ്ട്. വാദീ കബീർ ഇന്റർനാഷനൽ സ്കൂളിലാണ് കൂടുതൽ സീറ്റുകളുളളത്-73.
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ കെ.ജി ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ 1450 സീറ്റൊഴിവുണ്ട്. വാദീ കബീർ ഇന്ത്യൻ സ്കൂളിൽ 1288ഉം സീബ് ഇന്ത്യൻ സ്കുളിൽ 870ഉം വാദീ കബീർ ഇന്റർനാഷനൽ സ്കൂളിൽ വവിധ ക്ലാസുകളിൽ 728 സീറ്റൊഴിവുകളുമുണ്ട്. കെ.ജി. ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഏറ്റവും കുറഞ്ഞ സീറ്റൊഴിവുകളുള്ളത് ദാർസൈത്ത് ഇന്ത്യൻ സ്കൂളിലാണ്. 271 സീറ്റുകൾ മാത്രമാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്. ഗൂബ്ര ഇന്ത്യൻ സ്കൂളിൽ ആകെ 297 സീറ്റുകളിലാണ് പ്രവേശനം നടക്കുക. ഇന്റർനാഷനൽ സ്കൂളുകളിൽ അൽ ഗൂബ്രയിൽ മൊത്തം 195ഉം വാദീകബീറിൽ 728 ഉം സീറ്റുകൾ ഒഴിവുണ്ട്.
അതത് സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികൾക്ക് പ്രവേശനം നൽകുക. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ കൂടുതലാണെങ്കിൽ അത്തരം സ്കുളുകളിൽ നറുക്കെടുപ്പിലൂടെയായിരിക്കും പ്രവേശനം അനുവദിക്കുക. ഓൺലൈൻ വഴിയാണ് നറുക്കെടുപ്പ് നടക്കുക. കുറഞ്ഞ സീറ്റുകൾ ഒഴിവുള്ള ദാർസൈത്ത്, ഗൂബ്ര ഇന്ത്യൻ സ്കൂളുകളിലേക്ക് നറുക്കടുപ്പ് വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് സ്കൂളുകളിൽ സീറ്റുകളേക്കാൾ കൂടുതൽ അപേക്ഷകൾ എത്താൻ സാധ്യതയുണ്ട്. ഏതായാലും അപേക്ഷകളുടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ മാത്രമാണ് നറുക്കെടുപ്പ് സംബന്ധമായ ചിത്രങ്ങൾ വ്യക്തമാവുക. 15 റിയാലാണ് ഒരു കുട്ടിക്കുള്ള അപേക്ഷാ ഫീസ്. ഫെബ്രുവരി 24ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 2024 ഏപ്രിൽ ഒന്നിന് മൂന്ന് വയസ്സ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.