മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച. വോട്ടിങ്ങിനുള്ള ഒരുക്കം പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം.ഇന്നുതന്നെ വിജയികളെയും പ്രഖ്യാപിക്കും.
15 അംഗ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ചുപേർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്നുപേരുൾപ്പെടെ 15 പേരാണ് ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി അംഗങ്ങൾ. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ് പിന്നീട് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മള്‍ട്ടി പര്‍പസ് ഹാളിലാണ് വോട്ടിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.
വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. റസിഡന്റ് കാർഡാണ് തിരിച്ചറിയൽ രേഖയായി കണക്കാക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാരന്റ് ഐഡൻഡിന്റി കാർഡ് നമ്പറും കരുതേണ്ടതാണ്. പകരക്കാരെ വോട്ടുചെയ്യാൻ അനുവദിക്കില്ല. ഒന്നിലധികംപേർക്ക് വോട്ട് രേഖപ്പെടുത്തുന്നത് അസാധുവായി കണക്കാക്കും.
ഓരോ സ്ഥാനാര്‍ഥിക്കും ബൂത്ത് ഏജന്റ് സ്കൂള്‍ കോമ്പൗണ്ടില്‍ ഉണ്ടാകും. കോമ്പൗണ്ടിന് പുറത്തെ വോട്ട് പിടിത്തവും കാമ്പയിനിങ്ങും നിരോധിച്ചിട്ടുണ്ട്. ആളുകള്‍ സംഘം ചേര്‍ന്ന് നില്‍ക്കാനും അനുവദിക്കില്ല. വൈകീട്ട് അഞ്ചിന് മുമ്പായി കോമ്പൗണ്ടിൽ പ്രവേശിച്ചവർക്ക് സമയം കഴിഞ്ഞാലും വോട്ട് ചെയ്യാൻ അനുവദിക്കും.
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. 7,260 വിദ്യാർഥികൾ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെ 4,963 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്. മുൻവർഷത്തെ കണക്കുവെച്ച് നോക്കുമ്പോൾ ഇത്തവണ 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ് കരുതുന്നത്.
സജി ഉതുപ്പാൻ, പി.ടി.കെ. ഷമീർ, പി.പി. നിതീഷ് കുമാർ, കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാജ് എന്നീ ആറുമലയാളികളുൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എം.കെ. ദാമോദർ ആർ. കാട്ടി, ജിതേന്ദ്ര പാണ്ഡെ, മഹിപാൽ റെഡ്ഡി, പ്രഭാകരൻ കൃഷ്ണമൂർത്തി, പ്രവീൺ കുമാർ, ഡോ. ശിവകുമാർ മാണിക്കം, സയിദ് അഹ്മദ് സൽമാൻ, വൃന്ദ സിംഗാൽ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.
അതേസമയം, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു ഇന്നലെയും സ്ഥാനാർഥികൾ. വീടുകൾ കയറിയിറങ്ങിയ പ്രചാരണമായിരുന്നു ഇന്നലെ നടന്നിരുന്നത്. സമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമാക്കിയിരുന്നു. ബാബു രാജേന്ദ്രന് ചെയര്‍മാനായ കമീഷന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്. കെ.എം. ഷക്കീല്‍, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ.എ. അവോസായ് നായകം എന്നിവരാണ് കമീഷന് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.