സലാല: വായനയെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ സ്കൂൾ സലാലയുടെ വ്യത്യസ്തമായ ആഘോഷം. 40 വർഷം പൂർത്തിയാക്കുന്ന സ്കൂളിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് റിലേ വായന സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക വായനയിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി. നവംബർ 28ന് രാവിലെ ഏഴിനാണ് റിലേ വായന മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ എ.പി.ജെ അബ്ദുൽ കലാമിന്റെ 'യു ആർ യുനീക്ക്' പുസ്തകം വായിച്ച് ഉദ്ഘാടനം ചെയ്തത്.
തുടർന്ന് 737 വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും വിവിധ ഘട്ടങ്ങളിലായി തുടർച്ചയായി വായിച്ചു. നവംബർ 29 രാത്രി 11ന് സ്കൂൾ ഡെപ്യൂട്ടി ഹെഡ് ബോയ് അമോഗ് മാളവ്യ, ഡെപ്യൂട്ടി ഹെഡ് ഗേൾ തമന്ന നിഷ്താർ എന്നിവർ എ.പി.ജെ അബ്ദുൽ കലാമിന്റെ തന്നെ 'ഇഗ്നൈറ്റഡ് മൈൻഡ്സ്' പുസ്തകം വായിച്ചാണ് 40 മണിക്കൂർ റിലേ വായന പൂർത്തിയാക്കിയത്.
കഴിഞ്ഞ മേയ് മുതൽ വിവിധങ്ങളായ പരിപാടികളോടെ 40ാം വാർഷികാഘോഷം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രക്തദാന ക്യാമ്പ്, ബീച്ച് ശുചീകരണം, മരംനടൽ, പാം ആർട്ട്, ഫുട്ബാൾ ഷൂട്ടൗട്ട് എന്നിവ സംഘടിപ്പിച്ചിരുന്നു. ഡിസംബർ 22ന് വിപുലമായി സംഘടിപ്പിക്കുന്ന മെഗ കാർണിവലോടെയാണ് വാർഷികാഘോഷം സമാപിക്കുക.
സമാപന ചടങ്ങിൽ എസ്.എം.സി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, എ.വി.പിമാരായ വിപിൻ ദാസ്, അനീറ്റ റോസ്, വാർഷികാഘോഷ കോർ കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.