സലാല: ഇന്ത്യൻ സ്കൂൾ സലാല 40ാം വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഗൗണ്ടിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ മേളക്ക് തിരികൊളുത്തി. പ്രിൻസിപ്പൽ ദീപക് പഠാങ്കറും മറ്റു മാനേജിങ് കമ്മിറ്റിയംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. നാഷനൽ എജുക്കേഷൻ ഏജൻസിയായ നാബറ്റിന്റെ അംഗീകാരം നേടുന്ന ഒമാനിലെ മൂന്നാമത്തെ സ്കൂളായി ഇന്ത്യൻ സ്കൂൾ സലാല മാറി. നാബറ്റ് സർട്ടിഫിക്കറ്റ് ചടങ്ങിൽ പ്രകാശനം ചെയ്തു. വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ‘ആസ്പയർ’ സുവനീറിന്റെ ഡിജിറ്റൽ പ്രകാശനം ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ നിർവഹിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ചടങ്ങിൽ മെമെന്റോ സമ്മാനിച്ചു. 40ാം വർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ കാർണിവൽ കഴിഞ്ഞ ഡിസംബർ 22ന് നടന്നിരുന്നു. കനത്ത മഴയെ തുടർന്ന് അന്ന് പൂർത്തിയാക്കാൻ കഴിയാതിരുന്ന പരിപാടികളാണ് വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്നത്. മെഗാ കാർണിവൽ വിജയകരമാക്കുന്നതിനായി സഹകരിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝ, മലയാള വിഭാഗം കൺവീനർ സി.വി. സുദർശൻ തുടങ്ങി സോഷ്യൽ ക്ലബിന്റെ വിവിധ വിങ്ങുകളുടെ കൺവീനർമാർ മെമെന്റോ ഏറ്റുവാങ്ങി. ചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഇന്ത്യൻ സ്കൂൾ തുംറൈത്ത് പ്രസിഡന്റ് റസൽ മുഹമ്മദ്, എ.വി.പിമാരായ വിപിൻ ദാസ്, അനീറ്റ റോസ് എന്നിവർ സംബന്ധിച്ചു. വാർഷികാഘോഷ കമ്മിറ്റിയിലെ അധ്യാപകരായ സിനു കൃഷ്ണൻ, ഷുഹൈബ്, റീഷ്മ, ദീപ്തി, സുവനീർ ഇൻ ചാർജുമാരായ സി.ടി. രാമസ്വാമി, യശ്വന്ത് എന്നിവർ മെമെന്റോ ഏറ്റുവാങ്ങി. ചടങ്ങിൽ റീഷ്മ ടീച്ചർ നന്ദി പറഞ്ഞു. വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ നാൽപത് വ്യത്യസ്ത നൃത്തങ്ങളും നിരവധി കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.