മസ്കത്ത്: ഒമാനിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 28 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഗതാഗതച്ചെലവിലെ കുറവും ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ഭവന വാടകയുടെയും വിലയിലെ സ്ഥിരതയുമാണ് നേട്ടത്തിന് സഹായിച്ചത്.
വാർഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 0.41 ശതമാനമായി കുറഞ്ഞതായി ഉപഭോക്തൃ വില സൂചിക (സി.പി.ഐ) വിലയിരുത്തുന്നു. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഡേറ്റ പ്രകാരം 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ജൂണിലെ പണപ്പെരുപ്പ നിരക്ക് 0.69 ശതമാനമായിരുന്നു. ആഗോള തലത്തിൽ പണപ്പെരുപ്പം കുറഞ്ഞതും ഇന്ധന വിലയും അവശ്യസാധനങ്ങളുടെ വിലയും നിയന്ത്രിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളുമാണ് പണപ്പെരുപ്പം തുടർച്ചയായി കുറയാൻ സഹായിച്ചത്.
ഒമാനിലെ ഉപഭോക്തൃ വില സൂചികയിൽ ഏകദേശം 24 ശതമാനം വെയിറ്റേജ് വഹിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂലൈയിൽ 1.36 ശതമാനത്തിലാണുള്ളത്. ജൂണിലെ 2.18 ശതമാനമായിരുന്നതാണ് മന്ദഗതിയിലായത്.
രണ്ട് വർഷത്തിനിടയിലെ കുറഞ്ഞ ഭക്ഷ്യ പണപ്പെരുപ്പത്തിന് പ്രധാന കാരണം ജൂലൈയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിടിഞ്ഞതാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും ജൂലൈയിൽ യഥാക്രമം 2.31 ശതമാനം, 1.72 ശതമാനം എന്നിങ്ങനെ വില കുറഞ്ഞു. പാചക എണ്ണയുടെ വില ജൂലൈയിൽ 5.03 ശതമാനം വർധിച്ചു.
അതേസമയം, ബ്രഡ്, ധാന്യങ്ങൾ എന്നിവയുടെ വില 2.24 ശതമാനമാണ് വർധിച്ചത്. മാംസവിലയിൽ 0.6 ശതമാനം കുറവ് രേഖപ്പെടുത്തി. മത്സ്യത്തിന്റെയും സമുദ്രോൽപന്നങ്ങളുടെയും വില ജൂലൈയിൽ 1.57 ശതമാനം വർധിക്കുകയാണ് ചെയ്തത്. പാൽ, ചീസ്, മുട്ട എന്നിവക്കാണ് ജൂലൈയിൽ ഏറ്റവും വലിയ വിലവർധന (10 ശതമാനം) രേഖപ്പെടുത്തിയത്. എന്നാൽ, 2022 ജൂലൈയെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിൽ ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വില സ്ഥിരമായി തുടർന്നു. അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്) കണക്കനുസരിച്ച്, 2023ൽ ഒമാനിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 1.9 ശതമാനം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മേഖലയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണിത്. കഴിഞ്ഞ വർഷം വെറും 2.5 ശതമാനം പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയ സൗദി അറേബ്യക്ക് പിന്നിൽ 2.8 ശതമാനം പരപ്പെരുപ്പമാണ് ഒമാനിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.