മസ്കത്ത്: അമേരിക്കയിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒമാന്‍ തോൽവി. അല്ലയന് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ആതിഥേയർ ഒമാനെ തകർത്തത്. 13, 60, 79 മിനിറ്റുകളിലാണ് അമേരിക്ക ഗോൾ നേടിയത്. 81ാം മിനിറ്റിൽ സെൽഫ് ഗോളും പിറന്നു. സ്കോർ നില സൂചിപ്പിക്കുംപോലെ അമേരിക്കൻ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം കണ്ടത്. തുടക്കം മുതൽ ഇരു വിങ്ങുകളിലൂടെയുമുള്ള മുന്നേറ്റത്താൽ ഒമാൻ ഗോൾ മുഖം വിറച്ചു. ആദ്യ മിനിറ്റുകളിലെ അമേരിക്കൻ ആക്രമണം ഏതു നിമിഷവും ഗോൾ വീഴാമെന്ന സ്ഥിതിയിലായി. ഒടുവിൽ 13ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഫൊളാറിന്‍ ബലോഗണിയാണ് വല കുലുക്കിയത്. തിരിച്ചടിക്കാനുള്ള ശ്രമം റെഡ് വാരിയേഴ്സ് നടത്തിയിരുന്നുവെങ്കിലും അമേരിക്കൻ പ്രതിരോധത്തിന് മുന്നിൽ തട്ടി അകന്നുപോകുകയായിരുന്നു.
രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള വർധിത വീര്യവുമായായിരുന്നു സുൽത്താനേറ്റ് ഇറങ്ങിയത്. ഇടതുവലതു വിങ്ങുകളിലൂടെ മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പല ഷോട്ടുകളും അകന്നുപോയി. ഇതിനിടെ ഒമാൻ പ്രതിരോധത്തിലുണ്ടായിരുന്ന വീഴ്ച മുതലാക്കി അമേരിക്ക രണ്ടാം ഗോൾ നേടി. 60ാം മിനിറ്റില്‍ ബ്രെന്‍ഡന്‍ ആരോണ്‍സൻ ആണ് ഗോൾ നേടിയത്. 19 മിനിറ്റിനുശേഷം മൂന്നാം ഗോളും പിറന്നു. റിച്ചാര്‍ഡോ പെപയാണ് സ്കോർ ചെയ്തത്. വീണ്ടും അമേരിക്ക ആക്രമണം ശക്തമാക്കിയെങ്കിലും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുകയായിരുന്നു. സുൽത്താനേറ്റ് പ്രതിരോധം ശക്തമാക്കിയതും അമേരിക്കക്ക് തിരിച്ചടിയായി. ഒടുവിൽ 81ാം മിനിറ്റിൽ ഒമാൻ താരം ഖാലിദ് അല്‍ ബറൈകിയുടെ കാലില്‍ തട്ടി സെൽഫ് ഗോളും പിറന്നതോടെ സ്കോർ നില നാലായി ഉയർന്നു. കളിയിൽ 60 ശതമാനവും അമേരിക്കയായിരുന്നു പന്തിൽ ആധിപത്യം പുലർത്തിയിരുന്നത്. അമേരിക്ക 19 തവണയാണ് ഒമാന്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്. ഒമാന്‍ ആകട്ടെ ഏഴു ഷോട്ടുകളാണ് ഉതിർത്തത്. ഏഷ്യ കപ്പ്, 2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾ എന്നിവയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായായിരുന്നു മത്സരം. ടീമിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ സഹായിക്കുന്നതായി മത്സരം മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.