മസ്കത്ത്: ദ്രവീകൃത പ്രകൃതി വാതകം സംയുക്തമായി അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒമാനും ഇറാനും ഒപ്പിട്ടു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇത് കൂടുതൽ കരുത്തുപകരും.
അടുത്തിടെ നടന്ന ഒപെക് യോഗത്തിന് അനുബന്ധമായി ഒമാൻ എണ്ണമന്ത്രി മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയുമായി ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടതായി ഇറാൻ എണ്ണമന്ത്രി ബിജാൻ സൻഗാനേഹ് പറഞ്ഞു. ഇറാനിയൻ വാർത്താ ഏജൻസി ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സമുദ്രാന്തര പൈപ്പ്ലൈനുകൾ വഴിയാകും വാതകം ഇറാനിൽ നിന്ന് ഒമാനിൽ എത്തിക്കുക. പദ്ധതിയുടെ പ്രാരംഭജോലികൾ വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇറാൻ മന്ത്രി പറഞ്ഞു.
ഇറാനിൽ നിന്ന് എത്തിക്കുന്ന പ്രകൃതിവാതകം ഖൽഹാത്തിലെ പ്ലാൻറിൽ ദ്രവീകൃത രൂപത്തിലാക്കിയതിന് ശേഷം അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതിയുടെ ആലോചനക്ക് പഴക്കമേറെയാണ്. തെക്കൻ ഇറാനിൽനിന്ന് കിഴക്കൻ ഒമാനിലെ റാസ് അൽ ജിഫാനിലാണ് പൈപ്പ്ലൈൻ എത്തുക. സംസ്കരിച്ച വാതകം പിന്നീട് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റിയയക്കും.
ഒമാനും ഇറാനുമിടയിൽ സമുദ്രത്തിലൂടെയുള്ള പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര കമ്പനികളായ ടോട്ടലും ഷെല്ലും ഉൾപ്പെടെ രംഗത്തുവന്നിരുന്നു. പൈപ്പ്ലൈനിെൻറ റൂട്ടും ചെലവും സംബന്ധിച്ച ധാരണ വൈകിയതാണ് പദ്ധതിയുടെ പുരോഗതിക്ക് തടസ്സമായത്. മൊത്തം 400 കിലോമീറ്ററാകും പൈപ്പ്ലൈൻ. ഇതിൽ 200 കിലോമീറ്റർ കടലിലൂടെയാണ്. വാതക പൈപ്പ്ലൈൻ പദ്ധതിയിൽ പിന്നീട് ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നു. പാകിസ്താൻ വഴി ഇറാനിൽ സ്ഥാപിക്കാൻ ആലോചിച്ചിരുന്ന പദ്ധതി സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിച്ചതോടെയാണ് ഒമാൻ വഴി പദ്ധതി തിരിച്ചുവിടുന്നത് ആലോചനയിൽ വന്നത്. ഒമാനിൽനിന്ന് ഗുജറാത്ത് വരെ 1,400 കിലോമീറ്റർ പൈപ്പ്ലൈനാണ് സ്ഥാപിക്കുക. 3450 മീറ്റർ ആഴത്തിലാണു പൈപ്പുകൾ സ്ഥാപിക്കുന്നത്. പൈപ്പുകൾ സ്ഥാപിക്കാൻ മാത്രം രണ്ടു വർഷം വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നത്. പദ്ധതി വേഗത്തിലാക്കാൻ കഴിഞ്ഞ യു.എൻ ജനറൽ അസംബ്ലിക്കിടെ ഇന്ത്യ-ഒമാൻ-ഇറാൻ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു.
ആണവ വിഷയത്തിൽ ഇറാനെതിരെ വൻശക്തി രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചിരുന്ന ഉപരോധം നീക്കിയതോടെയാണ് പൈപ്പ്ലൈൻ സംബന്ധിച്ച ചർച്ചകൾക്കും വേഗമേറിയത്. ഒമാൻ വഴിയാകുന്നതോടെ പാകിസ്താൻ പൈപ്പ്ലൈനിെൻറ പാതയിൽനിന്ന് പുറത്താകും. റഷ്യക്ക് പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാതകശേഖരമാണ് ഇറാനിലുള്ളത്. പക്ഷേ, ഇതിൽ ഏറിയ പങ്കും വികസിപ്പിച്ചെടുക്കാൻ ഇറാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.