മസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിൽ ഇന്ത്യൻ തീരപ്രദേശമായ ഗുജറാത്തിന് സമീപമാണ് ന്യൂനമർദം രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് വരുംദിവസങ്ങളിൽ ഒമാൻ കടലിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുന്നതിനാൽ ഉഷ്ണമേഖല ന്യൂനമർദമായി മാറും. ഇതിന്റെ ആഘാതം ഞായറാഴ്ച മുതൽ വിവിധ ദിവസങ്ങളിൽ ഒമാനെ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവർണറേറ്റുകൾ, അൽഹജർ പർവതങ്ങളിലും സമീപപ്രദേശങ്ങളുമുൾപ്പെടെ ഒമാന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വരുംദിവസങ്ങളിൽ മഴ പെയ്തേക്കും.
കനത്ത കാറ്റിന്റെയും ഇടിയുടെയു അകമ്പടിയോടെയായിരിക്കും മഴ കോരിച്ചൊരിയുക. വിവിധ പ്രദേശങ്ങളില 20മുതൽ 80 മീ.മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 30 മുതൽ 80 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗത. പൊടിക്കാറ്റ് ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ ഒമാന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ നാലുമീറ്റർ വരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മുൻകരുതലുകൾ എടുക്കണമെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുറിച്ച് കടക്കരുതെന്നും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞദിവസവും മഴ ലഭിച്ചു. മഹ്ദ, ദങ്ക്, ബുറൈമി, നിസ്വ, യങ്കല്‍, വാദി ഇജ്റാന് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.