മസ്കത്ത്: റൂവിയിലെയും അൽ ഖൂദിലെയും ബദർ അൽസമാ ആശുപത്രികൾക്ക് തുടർച്ചയായ മൂന്നാംതവണ അമേരിക്കയിലെ ജോയന്റ് കമീഷൻ ഇന്റർനാഷനലിന്റെ (ജെ.സി.ഐ) അക്രഡിറ്റേഷൻ ലഭിച്ചു. ഇതോടെ ആറുമാസത്തിനിടെ ആറ് അന്താരാഷ്ട്ര അക്രഡിറ്റേഷനുകൾ നേടുന്ന ഏക ഹെൽത്ത്കെയർ ഗ്രൂപ്പായി ബദർ അൽസമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാറി. അടുത്തിടെ ബർക, സോഹാർ, സലാല, നിസ്വ എന്നിവിടങ്ങളിലെ ബദർ അൽസമാ ആശുപത്രികൾക്ക് ആസ്ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേഡ്സ് ഇന്റർനാഷനലിന്റെ (എ.സി.എച്ച്.എസ്.ഐ) അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.
ബദർ അൽസമായുടെ റൂവി, അൽഖൂദ് ആശുപത്രികൾ ജെ.സി.ഐ അക്രഡിറ്റേഷന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് മൂന്നാമതും അംഗീകാരത്തിന് അർഹമായത്. രോഗികൾക്ക് നൽകുന്ന പരിചരണം, ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുടെ ഗുണമേന്മ തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിച്ചാണ് ജെ.സി.ഐ അക്രഡിറ്റേഷൻ നൽകുന്നത്.
മൂന്നുവർഷമാണ് അക്രഡിറ്റേഷൻ കാലാവധി. ഹെൽത്ത്കെയർ രംഗത്തെ ഗോൾഡ് സ്റ്റാൻഡേഡായി കണക്കാക്കുന്ന ജെ.സി.ഐ അംഗീകാരം തുടർച്ചയായി മൂന്നുതവണ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ് എന്നിവർ പറഞ്ഞു. 'രോഗികളെ പരിചരിക്കുന്നതിലും ആരോഗ്യ പരിരക്ഷ ഒരുക്കുന്നതിലും ഞങ്ങൾ പുലർത്തുന്ന അന്താരാഷ്ട്ര നിലവാരത്തിനുള്ള അംഗീകാരമാണ് ഇത്. ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്ന ഞങ്ങളുടെ പ്രതിബദ്ധത ഇനിയും വർധിപ്പിക്കാൻ ഇത് പ്രചോദനം നൽകുന്നു'- ഇരുവരും പറഞ്ഞു.
ഡോക്ടർമാരുടെയും പാരാമെഡിക്കൽ-അനുബന്ധ സേവന ജീവനക്കാരുടെയും ആത്മാർഥമായ സഹകരണംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസറും ക്വാളിറ്റി പ്രോജക്ട് മേധാവിയുമായ ജേക്കബ് ഉമ്മൻ ചൂണ്ടിക്കാട്ടി. റൂവിയിലെ ആശുപത്രിയെ ബ്രാഞ്ച് മാനേജർ സാം വർഗീസ്, മെഡിക്കൽ ഡയറക്ടർ ഡോ. ബെന്നി പനക്കൽ, ക്വാളിറ്റി മാനേജർ ഡോ. മുഹമ്മദ് മുസ്തഫ എന്നിവരും അൽഖൂദ് ആശുപത്രിയെ ബ്രാഞ്ച് മാനേജർ ജാസിമുൽ ഹഖ്, മെഡിക്കൽ ഡയറക്ടർ ഡോ. സുബ്രഹ്മണ്യ ഉപ്പുന്ദ, ക്വാളിറ്റി മാനേജർ ഡോ. മണികണ്ഠൻ എന്നിവരുമാണ് ജെ.സി.ഐ അക്രഡിറ്റേഷനുള്ള പരിശോധനക്ക് സജ്ജമാക്കിയത്. ഗ്രൂപ് ക്വാളിറ്റി കോഓഡിനേറ്റർ ലിൻസി കുര്യൻ, ഗ്രൂപ് ഇൻഫക്ഷൻ കൺട്രോൾ ഓഫിസർ ഷിജോ എം. ഫിലിപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.