സലാല: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റു ചെയ്ത നടപടി ജനാധിപത്യത്തെ കുഴിച്ചുമൂടി സമഗ്രാധിപത്യ ഭരണം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ കുതന്ത്രങ്ങളുടെ ഭാഗമാണെന്ന് പ്രവാസി വെൽഫെയർ സലാല പ്രസ്താവനയിൽ പറഞ്ഞു.
ജനഹിതങ്ങൾക്ക് വില നൽകാതെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വിലക്കെടുത്തും വഴങ്ങാത്തവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് അറസ്റ്റ്.
തിരുവായ്ക്ക് എതിർവായില്ലാത്ത രാജഭരണം സ്വപ്നം കാണുന്ന സംഘ്പരിവാർ ഇന്ത്യ മഹാരാജ്യത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാകണം. സമാധാനപൂർണമായ ജീവിതം സാധ്യമാകുന്നതിന് ബി.ജെ.പി നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് മുന്നണിക്കെതിരായ നിലപാട് സ്വീകരിക്കണമെന്നും സംഘടന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ 20 കോടിയിലേറെ വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ അപരവത്കരിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയാണ് സി.എ.എയിലൂടെ ബി.ജെ.പി മുന്നണി നടപ്പിൽ വരുത്തുന്നതെന്നും രാജ്യത്തെ ശിഥിലപ്പെടുത്തുന്ന ഈ നിയമം ഉടൻതന്നെ പിൻവലിക്കണമെന്നും പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറിമാരായ സജീബ് ജലാൽ, തസ്റീന ഗഫൂർ, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ നെയ്യാറ്റിൻകര, സാജിത, കെ. സൈനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.