മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക കപ്പലായ എം.വി. ലോഗോസ് ഹോപ് ജൂലൈ 13ന് ഒമാനിലെത്തും. ബഹ്റൈനിലെ മനാമയിൽ നിന്നാണ് അക്ഷരയോളങ്ങളുമായി സുൽത്താനേറ്റിൽ എത്തുന്നത്. ജൂലൈ 13 മുതൽ 24വരെ മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തും 27 മുതൽ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖത്തുമാണ് പുസ്തകങ്ങളുമായി കപ്പൽ നങ്കൂരമിടുക. ഇവിടത്തെ പര്യടനം പൂർത്തിയാക്കി ലോഗോസ് ഹോപ് സീഷെൽസിലെ വിക്ടോറിയയിലേക്ക് പുറപ്പെടും. അവിടെ ആഗസ്റ്റ് 10 മുതൽ 17വരെ പ്രദർശനം നടത്തും. ഇതിന് ശേഷം കെനിയയിലെ മൊംബാസയിലേക്ക് തിരിക്കും.
പുസ്തകപ്രേമികൾക്ക് ആവേശം പകർന്ന് നേരത്തേ 2011ലും 2013ലും കപ്പൽ ഒമാൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും ആയിരക്കണക്കിന് സന്ദർശകരാണ് കപ്പലിലെത്തിയത്. യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ പുസ്തക പ്രദർശനം നടത്തിയാണ് ഒമാനിലെത്തുന്നത്. ഏപ്രിൽ പത്ത് മുതൽ റാസൽഖൈമയിൽ നിന്നാണ് കപ്പൽ മേഖലയിലെ പ്രയാണം ആരംഭിച്ചത്. ഏറ്റവും വലിയ ബുക്സ്റ്റാൾ കപ്പലായ ലോഗോസ് ഹോപ് ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ രണ്ടാഴ്ചയോളം നങ്കൂരമിടാറുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് സന്ദർശകരായെത്തുന്നത്. ഒരു ദശലക്ഷം സന്ദർശകരെങ്കിലും ഒരു വർഷം പുസ്തക കപ്പൽ സന്ദർശിക്കാറുണ്ട്. 5000 തലക്കെട്ടിലുള്ള പുസ്തകങ്ങളെങ്കിലും വിൽപനയും നടത്തും.
ജീവനക്കാർ മുഴുവൻ ശമ്പളമില്ലാതെയാണ് സേവനം അനുഷ്ഠിക്കുന്നത്. നാവികർ, എൻജിനീയർമാർ, ഇലക്ട്രീഷ്യൻമാർ, നഴ്സുമാർ, അധ്യാപകർ, പാചകക്കാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പൊതുജന സംഘടനകൾ എന്നിവരിൽനിന്ന് സ്പോൺസർഷിപ് സ്വീകരിച്ചാണ് ഇവർ കപ്പലിൽ സേവനം ചെയ്യുന്നത്. ഈജിപ്ത്, ജോർഡൻ, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് കപ്പൽ പുതിയ ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്. ഇതുവരെ ഒമ്പത് ദശലക്ഷം സന്ദർശകർ കപ്പലിലെത്തി. പത്ത് ദശലക്ഷം പുസ്തകങ്ങൾ വിൽപന നടത്തി. ലോകത്തിലെ 70 രാജ്യങ്ങളിലെ 140 തുറമുഖങ്ങൾ കപ്പൽ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.