മസ്കത്ത്: മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നടന്നിരുന്ന പുസ്തക പ്രദർശനം പൂർത്തിയാക്കി ‘ലോഗോസ് ഹോപ്’ കപ്പൽ സലാലയിലേക്ക് തിരിച്ചു. 11 ദിവസങ്ങളിലായി നടന്നിരുന്ന പുസ്ക പ്രദർശനം കാണാൻ സ്വദേശികളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് എത്തിയത്. പൊതു അവധിയും വാരാന്ത്യദിനങ്ങളുമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കായിരുന്നു പുസ്തകമേളക്ക്. വിവിധ സാംസ്കാരിക കലാപരിപാടികളും കപ്പലിൽ സംഘടിപ്പിച്ചിരുന്നു.
മൂന്നാം തവണയാണ് എം.വി ലോഗോസ് ഹോപ് ഒമാനിലെത്തുന്നത്. 27 മുതൽ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖത്തും പുസ്തകങ്ങളുമായി കപ്പൽ നങ്കൂരമിടുമെന്നാണ് കരുതുന്നത്. നേരിട്ടെത്തിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് സ്വന്തമാക്കാം. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്.
ഇവിടത്തെ പര്യടനം പൂർത്തിയാക്കി ലോഗോസ് ഹോപ് സീഷെൽസിലെ വിക്ടോറിയയിലേക്ക് പുറപ്പെടും. അവിടെ ആഗസ്റ്റ് 10 മുതൽ 17 വരെ പ്രദർശനം നടത്തും. ഇതിനുശേഷം കെനിയയിലെ മൊംബാസയിലേക്ക് തിരിക്കും. പുസ്തകപ്രേമികൾക്ക് ആവേശം പകർന്ന് നേരത്തേ കഴിഞ്ഞ രണ്ടുതവണയും ആയിരക്കണക്കിന് സന്ദർശകരാണ് കപ്പലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.