മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. ബഹ്റൈനിലെ മനാമയിൽനിന്നാണ് അക്ഷരയോളങ്ങളുമായി സുൽത്താനേറ്റിൽ എത്തുന്നത്. ജൂലൈ 24വരെ മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തും 27 മുതൽ ആഗസ്റ്റ് മൂന്നുവരെ സലാല തുറമുഖത്തുമാണ് പുസ്തകങ്ങളുമായി കപ്പൽ നങ്കൂരമിടുക. പുസ്തക പ്രേമികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ പ്രവേശനം അനുവദിക്കും. നേരിട്ടെത്തിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് സ്വന്തമാക്കാം.
ഇവിടത്തെ പര്യടനം പൂർത്തിയാക്കി ലോഗോസ് ഹോപ് സീഷെൽസിലെ വിക്ടോറിയയിലേക്ക് പുറപ്പെടും. അവിടെ ആഗസ്റ്റ് 10 മുതൽ 17വരെ പ്രദർശനം നടത്തും. ഇതിനുശേഷം കെനിയയിലെ മൊംബാസയിലേക്ക് തിരിക്കും. പുസ്തക പ്രേമികൾക്ക് ആവേശം പകർന്ന് നേരത്തെ 2011ലും 2013ലും കപ്പൽ ഒമാൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും ആയിരക്കണക്കിന് സന്ദർശകരാണ് കപ്പലിലെത്തിയത്.
5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. റുമേനിയക്കാരനായ ലോനറ്റ് വ്ലോദ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ. ഏഴുവര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം കപ്പലിലാണ് കഴിഞ്ഞുവരുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.
2005ൽ കപ്പൽ കമീഷൻ ചെയ്തതു മുതൽ, 140,283 നോട്ടിക്കൽ മൈൽ യാത്ര ചെയ്യുകയും 77 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റർ നീളമുള്ളതാണ് കപ്പൽ. 9.34 ദശലക്ഷം സന്ദർശകർ ഇതുവരെ ലോഗോസ് ഹോപ് സന്ദർശിച്ചതായാണ് കണക്ക്. 10 ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും ചെയ്തു. ജിബൂതി, സൗദി അറേബ്യ, ജോർഡൻ, ഈജിപ്ത്, ലബനാൻ, ഇറാഖ്, റാസൽഖൈമ, ദുബൈ, അബൂദബി, ബഹ്റൈൻ എന്നിവിടങ്ങളിലും പുസ്തക പ്രദർശനം നടത്തിയതിനുശേഷമാണ് കപ്പൽ ബഹ്റൈനിലെത്തുന്നത്. ഏപ്രിൽ പത്ത് മുതൽ റാസൽഖൈമയിൽ നിന്നാണ് കപ്പൽ മേഖലയിലെ പ്രയാണം ആരംഭിച്ചത്.
ഏറ്റവും വലിയ ബുക്സ്റ്റാൾ കപ്പലായ ലോഗോസ് ഹോപ് ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ രണ്ടാഴ്ചയോളം നങ്കൂരമിടാറുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് സന്ദർശകരായും പുസ്തകം വാങ്ങാനും എത്തുന്നത്. ജീവനക്കാർ മുഴുവൻ ശമ്പളമില്ലാതെ സന്നദ്ധ സേവകരായാണ് സേവനമനുഷ്ഠിക്കുന്നത്. നാവികർ, എൻജിനീയർമാർ, ഇലക്ട്രീഷ്യന്മാർ, നഴ്സുമാർ, അധ്യാപകർ, പാചകക്കാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പൊതുജന സംഘടനകൾ എന്നിവരിൽനിന്ന് സ്പോൺസർഷിപ് സ്വീകരിച്ചാണ് ഇവർ കപ്പലിൽ സേവനം ചെയ്യുന്നത്. ലോകത്തിലെ 70 രാജ്യങ്ങളിലെ 140 തുറമുഖങ്ങൾ കപ്പൽ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.