മസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, തെക്കൻ ശർഖിയ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളുൾപ്പെടെ രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസവും കനത്ത മഴ ലഭിച്ചു. തലസ്ഥാന നഗരിയായ മസ്കത്തടക്കമുള്ള വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി നല്ല മഴയാണ് പെയ്തത്. ചിലയിടങ്ങളിൽ കനത്ത കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ. അനിഷ്ട സംവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശം നൽകി. കനത്ത മഴ മുന്നറിയിപ്പിന്റെ ഭാഗമായി മുവാസലാത്ത് ചില ബസ്, ഫെറി സർവിസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിരുന്നു. വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ എമർജൻസി മാനേജ്മെന്റ് നാഷനൽ കമ്മിറ്റി (എൻ.സി.ഇ.എം) ഉപസമിതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ ഒമാൻ പൊലീസ് എന്നിവ ജാഗ്രത നിർദേശങ്ങളുമായി രംഗത്തുണ്ട്. ന്യൂന മർദത്തിന്റെ ആഘാതം കൂടുതലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ സ്ഥലങ്ങൾ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ന്യൂനമർദം ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ മഴക്ക് ശക്തികുറയുമെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് അധികൃതർ പറയുന്നത്. സുൽത്താനേറ്റിന്റെ തീര പ്രദേശങ്ങളില്‍ തിരമാലകള്‍ നാല് മീറ്റര്‍വരെ ഉയര്‍ന്നേക്കും. മണിക്കൂറിൽ 30 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. പൊടിപടലങ്ങൾ ഉയരുന്നതിനാൽ ദൂരക്കാഴ്ചയെയും ബാധിച്ചേക്കും. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ മഴ ജബൽ അഖ്ദറിൽ
മസ്കത്ത്: കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജബൽ അഖ്ദറിൽ. ഞായറാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ എട്ടുവരെ 35 മി. മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കാർഷിക, മത്സ്യബന്ധന സമ്പത്ത്, ജലവിഭവ മന്ത്രാലയം എന്നിവ അറിയിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് ഇബ്രയിലും അമീറാത്തിലുമാണ്. രണ്ട് മി. മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ബിദ്യ-15, നിസ്വ- 12, ബിദ്ബിദ്, സീബ്- 10 മി. മീ എന്നിങ്ങനെയാണ് മറ്റു വിലായത്തുകളിൽ കിട്ടിയ മഴയുടെ തോതുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.