മസ്കത്ത്: രാജ്യത്തെ മുൻനിര റീട്ടെയിൽ ശൃംഖകളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പുതിയ ഔട്ട്ലെറ്റ് സുഹാറിലെ ഫലജ് അൽ ഖബൈലിൽ പ്രവർത്തനം തുടങ്ങി. സുഹാറിലെ രണ്ടാമത്തെയും ഒമാനിലെ 29-ാമത്തെയും ശാഖയാണ് കഴിഞ്ഞ ദിവസം സുഹാറിൽ പ്രവർത്തനം തുടങ്ങിയത്.
ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ വടക്കൻ ബത്തിന ഗവർണർ ഷെയ്ഖ് സെയ്ഫ് ബിൻ ഹിംയാർ അൽ മാലിക് അൽ ഷെഹി പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.
75,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ശാഖ രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രമായ സുഹാറിലെ ജനങ്ങൾക്ക് വേറിട്ട ഷോപ്പിങ്ങ് അനുഭവമായിരിക്കും നൽകുക. പലചരക്ക്, പഴം, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, കോഴി, മാംസം, മത്സ്യം, ബേക്കറി തുടങ്ങിയ വിഭാഗങ്ങൾക്കായി വിശാലമായ സൗകര്യങ്ങളോടെ പ്രത്യേക സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി ഉൽപ്പന്നങ്ങൾ, സ്റ്റേഷനറി, വീട്ടുപകരണങ്ങൾ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഉണ്ട്. ഒന്നിലധികം ചെക്ക്-ഔട്ട് കൗണ്ടറുകളും വിശാലമായ പാർക്കിങ് സ്ഥലങ്ങളും ശാന്തമായ ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
റമദാനോടനുബനധിച്ച് ഭക്ഷണം, പലചരക്ക്, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവക്ക് ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ ഉൽപ്പനങ്ങൾക്ക് ആകർഷകമായ വിലയിൽ പ്രത്യേക ഇളവുകളും നൽകും.
പ്രമോഷന്‍റെ ഭാഗമായി ഈ വർഷം ലുലു ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി 100,000 റിയാൽ മൂല്യമുള്ള ക്യാഷ് പ്രൈസുകൾ നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. മേയ് ഏഴ് വരെ നടക്കുന്ന പ്രമോഷന്‍റെ ഭാഗമായി ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750, 500, 200, 100 റിയാൽ ക്യാഷ് പ്രൈസുകളും നേടാൻ അവസരവുമുണ്ടാകും.
സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മാർഗനിർദേശത്തിൽ രാജ്യം എല്ലാ മേഖലയിലും മുന്നേറുകയാണെന്ന് ഉദ്ഘാടന വേളയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. ബിസിനസ് അനുകൂല സമീപനം സ്വീകരിക്കുന്ന സുൽത്താനോടും ഗവൺമെന്റിനോടും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളിൽ മാത്രമല്ല, രാജ്യത്തെ ചെറിയ പട്ടണങ്ങളിൽപോലും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുന്ന മികച്ച ഇടമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫലജിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ലുലുവിന്‍റെ തനതായ വൈവിധ്യവും മൂല്യവും സേവനവും നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ലുലു ഹെപ്പർമാർക്കറ്റ് ഇന്ത്യ-ഒമാൻ ഡയറക്ടർ എ.വി. ആനന്ദ് പറഞ്ഞു.
ഫലജ് അൽ ഖബൈലിലെ പുതിയ സ്റ്റോർ സമീപവാസികൾക്ക് പുത്തൻ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.