മസ്കത്ത്: മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രവാസി ഭാഷാ പുരസ്കാരത്തിന് പി. മണികണ്ഠൻ എഴുതിയ ‘എസ്കേപ്പ് ടവർ’ എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ കൃതികളിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച കൃതിക്കാണ് അവാർഡ് നൽകിയത്.
ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ്, നവംബർ 15ന് നടക്കുന്ന അക്ഷരം 2024 സാംസ്കാരികോത്സവത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പി. മണികണ്ഠന് സമ്മാനിക്കും.
ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി തുടങ്ങി കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഡി.സി ബുക്സ് 2023 നവംബറിൽ പ്രസിദ്ധീകരിച്ച ഈ നോവൽ കുറഞ്ഞ കാലത്തിനുള്ളിൽ മൂന്നാം പതിപ്പിലെത്തി നിൽക്കുകയാണ്.
കേരള സാഹിത്യ അക്കാദമിയിൽ നടന്ന പ്രൗഢഗംഭീരമായ സദസ്സിൽ അക്കാദമി പ്രസിഡന്റ് സച്ചിദാന്ദനാണ് എസ്കേപ്പ് ടവറിന്റെ പ്രകാശനം നിർവഹിച്ചത്. കേരളത്തിലും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത പുസ്തക ചർച്ചകൾ ഈ നോവലിനെ ആസ്പദമാക്കി നിലവിൽ നടന്നുകഴിഞ്ഞിട്ടുണ്ട്.
പ്രവാസത്തിന്റെ ഉപരിതലങ്ങളിലൂടെ കേവലമായി കടന്നുപോകുന്ന ഒന്നല്ല എസ്കേപ്പ് ടവർ എന്നും, മറിച്ച് അതിന്റെ വിവിധ അടരുകൾ സൂക്ഷ്മ മനനങ്ങൾക്ക് വിധേയമാക്കി, പ്രവാസ ലോകത്തിൻറെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചലനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ഫിക്ഷണൽ ഡോക്യുമെന്റേഷനാണ് പി. മണികണ്ഠൻ നടത്തിയിരിക്കുന്നതെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തിയതായി മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.