മസ്‌കത്ത്: ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘മെട്രോപ്പൊളിറ്റന്‍സ് എറണാകുള’ത്തിന്റെ' ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും റൂവി അല്‍ ഫലാജ് ഗ്രാന്റ് ഹാളില്‍ നടന്നു. സിനിമ താരം ഹരിശ്രീ അശോകന്‍ മുഖ്യാതിഥിയായി. മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിച്ച മെന്റലിസം ഷോ ‘ട്രിക്‌സ്മാനിയ’ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെയും അമ്പരപ്പിന്റെയും അവിശ്വസനീയമായ നിമിഷങ്ങള്‍ സമ്മാനിച്ചു. സുധീര്‍ പറവൂര്‍ പാരഡി ഗാനങ്ങളിലൂടെ കാണികളെ രസിപ്പിച്ചു.
പ്രസിഡന്റ് സിദ്ദീക്ക് ഹസ്സന്‍ സംഘടനയെകുറിച്ചും ലക്ഷ്യങ്ങളെയും തുടര്‍ പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. ഹരിശ്രീ അശോകന് സംഘടനയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകളില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ പരസ്പരം സ്‌നേഹവും ധൈര്യവും കൈമാറ്റം ചെയ്യപ്പെടുമെന്നും ഇതുവഴി ഒരുപാട് നന്‍മകള്‍ ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഒമാനിലെ ആതുരസേവനരംഗത്ത് ദീര്‍ഘനാളായി സേവനം ചെയ്യുന്ന ഡോ. രഞ്ജി മാത്യു വിശിഷ്ടാതിഥിയായി. സംഘടനയുടെ രക്ഷാധികാരികളായ സുരേഷ് ബി നായര്‍, സി.എം. സിദാര്‍, സെക്രട്ടറി സംഗീത സുരേഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫസല്‍ എടവനക്കാട് എന്നിവർ സംബന്ധിച്ചു. ഹരിശ്രീ അശോകന് സംഘടനയുടെ ഉപഹാരം പ്രസിഡന്റ് സിദ്ദിക്ക് ഹസ്സന്‍ സമ്മാനിച്ചു. ഡോ. രഞ്ജി മാത്യു, പ്രായോജകര്‍, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ വിജയികള്‍ എന്നിവരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതവും ട്രഷറര്‍ എല്‍ദോ മണ്ണൂര്‍ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.