മസ്കത്ത്: മെട്രോ പൊളിറ്റൻസ് എറണാകുളം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ‘ആടുജീവിതം’ സിനിമയിലെ അർബാബിന്റെ വേഷം ചെയ്ത ഒമാനി കലാകാരൻ സംഗമത്തിൽ മുഖ്യാതിഥിയായി. തന്നെ ആഗോള പ്രശസ്തനാക്കിയ മലയാളത്തെയും മലയാളികളെയും നന്ദിയോടെ സ്മരിച്ച ത്വാലിബ് ആടുജീവിതം സിനിമയുടെ ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളും മറ്റു അനുഭവങ്ങളും പങ്കുവെച്ചു.
സിനിമയുടെ ആദ്യ ഷോ കൊച്ചിയിൽ കണ്ട ത്വാലിബിന് കേരളത്തെക്കുറിച്ച് പറയുമ്പോഴും നൂറു നാവായിരുന്നു. കേരളത്തിലെ മഴയും പ്രകൃതി ഭംഗിയും ഭക്ഷണവും അതിലുപരി മലയാളികൾ കാണിച്ച സ്നേഹവും ബഹുമാനവും ഒരിക്കലും മറക്കില്ലെന്നും മുമ്പും താൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആടുജീവിതം തന്റെ അഭിനയ, വ്യക്തി ജീവിതത്തെ ആകെ മാറ്റി മറിച്ചുവെന്നും, എന്നാൽ പുതിയ അനുഭവങ്ങൾ താൻ അങ്ങേയറ്റം ആസ്വദിക്കുകയാണെന്നും ത്വാലിബ് പറഞ്ഞു. സ്റ്റാർ ഓഫ് കൊച്ചിനിൽ സംഘടിപ്പിച്ച പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമുള്ള ഒത്തുചേരലിനു വേദിയായി. പങ്കെടുത്തവർ തമ്മിൽ സൗഹൃദം കൈമാറി. പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ, രക്ഷാധികാരി സുരേഷ് ബി നായർ എന്നിവർ ചേർന്ന് താലിബ് അൽ ബലൂഷിക്ക് ഉപഹാരം കൈമാറി. വനിത വിഭാഗം കോഒർഡിനേറ്റർ ടിൻജൂ പ്രദീപ് ത്വാലിബിനെ പരിചയപ്പെടുത്തി.
വി.എസ്.എ റഹ്മാൻ റമദാൻ സന്ദേശം കൈമാറി. നമസ്കാരത്തിന് അമീൻ സഈദ് നേതൃത്വം നൽകി. ഇന്ത്യൻ സ്കൂൾ ഗൂബ്ര മലയാള വിഭാഗം മേധാവി ഡോക്ടർ ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, നായർ ഫാമിലി യൂനിറ്റ് പ്രസിഡന്റ് സുകുമാരൻ നായർ, പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീകുമാർ, തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര, ഇൻകാസ് ഒമാൻ പ്രസിഡൻറ് അനീഷ് കടവിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗതവും ട്രഷറർ എൽദോ മണ്ണൂർ നന്ദിയും പറഞ്ഞു. രാജേഷ് മേനോൻ, ഹൈദ്രോസ് പതുവന, റഫീക്ക്, സുബിൻ, ഹാസിഫ്, മോൻസി, ഷമീർ, ഫസൽ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.