മസ്കത്ത്: ഇന്ത്യൻ വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ ദ്വിദിന ഒമാൻ സന്ദർശനത്തിന് ബുധനാഴ്ച തുടക്കമാകും. ഉന്നതതല പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ‘ഇന്ത്യ ഓണ്‍ കാന്‍വാസ് ’പെയിന്റിങ് പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 20 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക.
മസ്കത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യ-ഒമാന്‍ ചരിത്രം പറയുന്ന ‘മന്ദ്വിയിൽനിന്ന് മസ്കത്തു വരെ’ സെഷനും വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സമൂഹത്തില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍, ബ്ലൂ കോളര്‍ തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രഫഷനലുകള്‍ എന്നിവരുമായും മന്ത്രി സംവദിക്കും. ഇന്ത്യയും ഒമാനും തമ്മില്‍ മികച്ച ഉഭയകക്ഷിബന്ധമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മുരളീധരന്റെ മൂന്നാം ഒമാൻ സന്ദർശനമാണിത്. 2020 ഡിസംബറിലും 2022ൽ ഒക്ടോബറിലുമാണ് ഇതിനുമുമ്പ് സന്ദർശിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതായിരിക്കും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഉന്നതതല സന്ദർശനങ്ങൾ വിവിധ സമയങ്ങളിലായി നടന്നിട്ടുണ്ട്.
2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2019ൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഒമാനിൽ എത്തിയിരുന്നു. ഈ വർഷം ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഒമാൻ അതിഥിരാജ്യമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം മന്ത്രി നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യക്കാർക്ക് റൂപേ കാർഡും യു.പി.ഐ പ്ലാറ്റ്ഫോമും ഉപയോഗിക്കാൻ അവസരമൊരുങ്ങിയിരുന്നു. ഇതുസംബന്ധിച്ച് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷനൽ പേമെന്റ് ലിമിറ്റഡും സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമാണ് (സി.ബി.ഒ) കരാറിലെത്തിയിരിക്കുന്നത്. ഇ-സേവനം വൈകാതെതന്നെ ലഭ്യമായി തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.