ഭിന്നേശഷികാർക്ക് കൈത്താങ്ങുമായി സാമൂഹിക വികസന മന്ത്രാലയം

രാജ്യത്ത് നിലവിൽ 79 ഭിന്നശേഷി പുനരധിവാസ കേന്ദ്രങ്ങളാണുള്ളത്

മസ്കത്ത്: രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 79 കേന്ദ്രങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനും സാമൂഹിക വികസന മന്ത്രാലയം ഊന്നൽ നൽകുന്നു. ഭിന്നശേഷികാർക്ക് മികച്ച ഔട്ട്ഡോർ സൗകര്യങ്ങൾ നൽകുന്നതിനായി അസൈബ ബീച്ചിന്‍റെ ഒരു ഭാഗം ഉടൻ വികസിപ്പിക്കും.

ഇതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമന്ന് സാമൂഹിക വികസന മന്ത്രി ഡോ ലൈല അഹമ്മദ് അൽ നജ്ജാർ പറഞ്ഞു. മജ്‌ലിസ് ശൂറയിൽ സംസാരിക്കവേയാണ് അവർ ഇക്കാര്യം അറിയിച്ചത്.മസ്‌കത്തിലെ നാഷനൽ ഓട്ടിസം സെൻറർ, സൂർ, സലാല എന്നിവിടങ്ങളിലെ ഓട്ടിസം സെന്‍ററുകളും അടുത്ത വർഷം പ്രവർത്തനക്ഷമമാകുമെന്ന് അവർ അറിയിച്ചു. ഇബ്രി വിലായത്തിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള അൽ വഫ കേന്ദ്രത്തിലെ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികളും വികസനവും പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഒമാനി സ്ത്രീകളെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ശാക്തീകരിക്കാനും നിയമം ഉറപ്പുനൽകുന്ന അവരുടെ അവകാശങ്ങൾ വർധിപ്പിക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം പീഡനത്തിനിരയായ 18 സ്ത്രീകളെ ദാർ അൽ വെഫാഖ് അഭയകേന്ദ്രത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള പീഡനമോ അക്രമമോ അനുഭവിച്ച സ്ത്രീകൾക്കും കുട്ടികൾക്കുമാണ് കേന്ദ്രം അഭയം നൽകുന്നത്.താൽക്കാലിക അഭയം, മാനസിക,സാമൂഹിക പിന്തുണ, നിയമോപദേശം, കോടതികളിൽ ഈ കേസുകളുടെ തുടർനടപടികൾ എന്നിവക്കുള്ള സഹായവും നൽകുന്നു.

2021ൽ കുട്ടികളെ ദുരൂപയോഗം ചെയ്ത 1,650 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 49പേരെ ദാർ അൽ വെഫാക്കിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളെയും കുട്ടികളെയും വിദഗ്ധരെയും ലക്ഷ്യമിട്ടുള്ള പരിശീലന സെഷനുകളും സെമിനാറുകളും ഉൾപ്പെടെ 65 ബോധവൽക്കരണ പരിപാടികൾ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് നിലവിൽ 79 ഭിന്നശേഷി പുനരധിവാസകേന്ദ്രങ്ങളാണുള്ളത്. സർക്കാർ മേഖലയിൽ 31, സ്വകാര്യ രംഗത്ത് 37, 11 സിവിൽ സെന്‍റർ (എൻ.ജി.) എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും ന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ സാമൂഹിക വികസന മന്ത്രാലയത്തെ അറിയിച്ചു.

Tags:    
News Summary - Ministry of Social Development to lend a helping hand to dissidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.