മസ്കത്ത്: ഒമാന്റെ ആകാശം ഇന്ന് രണ്ട് പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കും. സൂപ്പര്‍ മൂണും ഭാഗിക ചന്ദ്രഗ്രഹണവുമാണ് ദൃശ്യമാകുക. സൂപ്പർ മൂൺ വീക്ഷിക്കുന്നതിനായി ഒമാനി ആസ്ട്രോണമിക്കല്‍ സൊസൈറ്റി പൊതുജനങ്ങള്‍ക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്.
മദീന അല്‍ ഇര്‍ഫാനിലെ സൊസൈറ്റിയുടെ ആസ്ഥാനത്താണ് സൗകര്യം. നൂതന ടെലസ്കോപ് ഉപയോഗിച്ച് കാണാനും ഈ പ്രതിഭാസത്തിന്റെ വിശദാംശങ്ങള്‍ അറിയാനും സാധിക്കും.
എന്നാൽ, ഭാഗിക ചന്ദ്രഗ്രഹണം ഒമാനിലുള്ളവർക്ക് കാണാനാവില്ല. മസ്കത്ത് ഗവര്‍ണറേറ്റില്‍ രാവിലെ 5.54ന് ചന്ദ്രന് അസ്തമിക്കും. ഭാഗിക ചന്ദ്രഗ്രഹണം രാവിലെ 6.12നാണ് ആരംഭിക്കുക. 6.44ഓടെ ഉച്ചസ്ഥായിലെത്തുകയും 7.15ന് അവസാനിക്കുകയും ചെയ്യും. അതേസമയം, അല്പ്പഛായ ഗ്രഹണം പുലര്‍ച്ചെ 4.41ന് ആരംഭിക്കുകയും 8.47ന് അവസാനിക്കും. മൊത്തം നാല് മണിക്കൂറിലേറെ ഗ്രഹണമുണ്ടാകും.
പൂർണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തുവരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്.
ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിലായതിനാല്‍ ഭൂമിയുമായുള്ള ചന്ദ്രന്റെ അകലം സമയത്തിനനുസരിച്ച് മാറും. ഇത്തരത്തില്‍ ചന്ദ്രന് ഭൂമിയോട് എറ്റവുമടുത്തുവരുന്ന സമയമാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്.
സാധാരണ പൗര്ണമിയെക്കാള് വലിപ്പവും തിളക്കവും സൂപ്പര്‍ മൂണ്‍ സമയത്ത് ചന്ദ്രനുണ്ടാകും. എട്ട് ശതമാനത്തോളം അധികം വലിപ്പവും16 ശതമാനത്തോളം അധികം പ്രകാശവും ആ സമയം ചന്ദ്രനുണ്ടായേക്കാം. 3.5ലക്ഷം കിലോമീറ്ററാണ് എറ്റവും അടുത്തെത്തുന്ന സമയം ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം . അകന്നിരിക്കുമ്പോള്‍ അത് നാലുലക്ഷം കിലോമീറ്റര്‍വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.