മസ്കത്ത്: സാമൂഹ്യതിന്മയായ ഭിക്ഷാടനം ചെറുക്കാനുള്ള നടപടികളുമായി അധികൃതർ. ‘ഭിക്ഷാടനം നിന്നിൽ അവസാനിക്കുന്നു’ എന്ന പേരിൽ കാമ്പയിനു സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. വ്യക്തിപരവും സംഘടിതവുമായ ഏതെങ്കിലും തരത്തിലുള്ള ഭിക്ഷാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ മന്ത്രാലയം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. സാങ്കൽപ്പിക കഥകളൊരുക്കി സഹതാപം പിടിച്ചു പറ്റാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നെതെന്നു സൂമൂഹിക വികസനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരക്കാരെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിച്ചാൽ ചൂഷണത്തിൽനിന്നു സംരക്ഷണം നേടാൻ സാധിക്കും. ഭിക്ഷാടകരുടെ ഉള്ളലിയിപ്പിക്കുന്ന കഥകളിൽ വീണാണു പലരും ഇത്തരക്കാർക്കു കാശു കൊടുക്കുന്നത്. കുട്ടികളെയോ വികലാംഗരെയോ യാചിക്കാൻ നിർബന്ധിക്കുന്ന വ്യക്തികളോ സംഘങ്ങളോ ആണ് സംഘടിത ഭിക്ഷാടനം നടത്തുന്നത്.
ഭിക്ഷാടനം തടയുന്നതിനായി തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി മന്ത്രാലയം ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നുണ്ടെന്നു സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭിക്ഷാടനം ക്രിമിനൽ പ്രവർത്തനങ്ങളുടെ വർധനവിനും സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനും ടൂറിസത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ പ്രശസ്തിയെ ബാധിക്കുന്നതിനും കാരണമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഭിക്ഷാടനത്തിനെതിരെ പോരാടുന്നതിനു ജനങ്ങൾ മന്ത്രാലയവുമായി സഹകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ കണ്ടാൽ 1555, 9999 എന്ന ഹോട്ട്ലൈൻ നമ്പറുകൾ വഴി റിപ്പോർട്ടു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.