മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന മസ്കത്ത് എക്സിബിഷൻ ആൻഡ് ഫോറം ഫോർ ടൂറിസം ഇൻവെസ്റ്റ് ഓപ്പർചുനിറ്റീസ് തിങ്കളാഴ്ച ആരംഭിക്കും. രണ്ടു ദിവസത്തെ ചടങ്ങിൽ രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യും. മസ്കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററാണ് പരിപാടിക്ക് വേദിയാകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പൈതൃക-ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പങ്കെടുക്കും. രാജ്യത്തെ ടൂറിസം മേഖലയിലെ നിരവധിയായ നിക്ഷേപ സാധ്യതകൾ ചടങ്ങിൽ പരിചയപ്പെടുത്തും.
ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദ നഗരങ്ങൾ തുടങ്ങി വിവിധ പദ്ധതികളാണ് പരിചയപ്പെടുത്തുന്നത്. സ്പോർട്സ് ടൂറിസം മേഖലയിലെ അവസരങ്ങളും ഇത്തവണത്തെ മേളയിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര കായിക മേളകളുടെയും ടൂർണമെന്റുകളുടെയും വേദിയായി മാറ്റാനും സ്പോർട്സ് മെഡിക്കൽ സിറ്റി സ്ഥാപിക്കാനുമുള്ള പദ്ധതികൾ പരിചയപ്പെടുത്തും. റിയൽ എസ്റ്റേറ്റ് മേഖലക്കും വലിയ പ്രാധാന്യം മേളയിൽ ലഭിക്കും. നിക്ഷേപകരും കമ്പനികളും തമ്മിലുള്ള കൂടിക്കാഴ്ചകളും ധാരണകളിൽ ഒപ്പുവെക്കലും വേദിയിൽ നടക്കും. സ്പോർട്സ്, സാഹസികത, വിനോദ ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ കമ്പനികളും ചടങ്ങിൽ പങ്കെടുക്കും. ഇവരുടെ വിവിധ പദ്ധതികളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്നതായിരിക്കും പ്രദർശനം. റഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളിൽനിന്ന് ഹോട്ടൽ മേഖലയിലെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന കമ്പനികളുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ്, അറബ് മേഖലകളിൽ നിന്ന് നിരവധി പേർ മേളയിൽ പങ്കെടുക്കാനെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.