മസ്കത്ത്: ആദം-തുംറൈത്ത് റോഡിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഹൈമക്കടുത്ത് അൽ ഗഫ്തൈൻ മേഖലയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. മസ്കത്ത് ഭാഗത്തേക്ക് വരുകയായിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ഹൈമ ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ഗുരുതര പരിക്കുള്ളവരുമുണ്ട്.
വാഹനാപകടങ്ങൾ ഒഴിവാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ജാഗ്രത പുലർത്തണമെന്ന് ആർ.ഒ.പി നിർദേശിച്ചു. ദീർഘദൂരം വാഹനമോടിക്കുന്നവർ ഉറക്കംവരുകയോ ക്ഷീണംതോന്നുകയോ ചെയ്താൽ വാഹനം നിർത്തണം. വാഹനം റോഡരികിൽ നിർത്തി വിശ്രമിച്ച ശേഷമേ യാത്ര തുടരാവൂ എന്ന് ആർ.ഒ.പി നിർദേശിച്ചു. പതിവ് അപകട മേഖലയാണ് ആദം-തുംറൈത്ത് റോഡ്.
കഴിഞ്ഞവർഷം ഖരീഫ് സീസണിൽ ഒമ്പത് ആഴ്ചകളിലായി ഇരുപതിലധികം പേരാണ് ഇൗ റൂട്ടിൽ വാഹനാപകടങ്ങളിൽ മരിച്ചത്. എന്നാൽ, ഇൗ വർഷം കാര്യമായ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗതാഗത നിയമങ്ങൾ കർക്കശമാക്കിയതാണ് അപകടങ്ങൾ കുറയാനുള്ള കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം ആദം-തുംറൈത്ത് റോഡിൽ കർശന പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.