മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർ ചെക്-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിർദേശം. വിമാനക്കമ്പനി പ്രതിനിധികളുടെ ബോർഡ് രാജ്യത്തെ എല്ലാ ട്രാവൽ ഏജൻറുമാർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നുമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിസ കാൻസൽ ചെയ്യാനുള്ളവരാണെങ്കിൽ നാലുമണിക്കൂർ മുമ്പ് എത്തണം. ഇൗ സമയക്രമം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്ക് ബാധകമാണെന്നും നോട്ടീസിൽ പറയുന്നു.
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കലും വിമാനങ്ങൾ സമയത്തിന് പുറപ്പെടുന്നുവെന്ന് ഉറപ്പാക്കലും ലക്ഷ്യമിട്ടാണ് ഇൗ തീരുമാനമെന്ന് ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ റസാഖ്.ജെ. അൽ റൈസി പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനമാരംഭിക്കുക. വൈകീട്ട് 5.30നാണ് പുതിയ ടെർമിനലിൽ ആദ്യ വിമാനമിറങ്ങുക. ഇറാഖിലെ നജഫിൽനിന്നുള്ള വിമാനമാണ് ആദ്യം ഇറങ്ങുക. ന്യൂഡൽഹിയിൽനിന്നും ചെന്നൈയിൽനിന്നുമുള്ള വിമാനങ്ങൾ പിന്നാലെയെത്തും. 6.50ന് ആദ്യ വിമാനം പറന്നുയരും. സലാല, ദുബൈ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ ടെർമിനലിൽനിന്ന് ആദ്യം പുറപ്പെടുന്ന സർവിസുകൾ. ഉച്ചക്ക് 2.45ന് സൂറിച്ചിലേക്കുള്ള സർവിസാകും നിലവിലെ ടെർമിനലിൽനിന്നുള്ള അവസാന സർവിസ്.
3,35,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പുതിയ ടെർമിനലിൽ ആദ്യഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. മികച്ച നിലവാരത്തോടെയും ആധുനിക സൗകര്യങ്ങളോടെയും നിർമിച്ച പുതിയ വിമാനത്താവളത്തെ 2020ഒാടെ ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളിൽ ഒന്നായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.
96 ചെക്ക് ഇൻ കണ്ടറുകളുള്ള പുതിയ ടെർമിനലിൽ എണ്ണായിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയും. ആറായിരം സ്ക്വയർ മീറ്റർ ഡ്യൂട്ടിഫ്രീയും ഇവിടെയുണ്ടാകും. ടെർമിനൽ ഉദ്ഘാടനത്തിെൻറ അവസാനഘട്ട ഒരുക്കങ്ങൾ നടന്നുവരുകയാണ്. ജീവനക്കാർക്ക് വേണ്ട പരിശീലനം നൽകുന്നതിനായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള ജീവനക്കാരെയും മസ്കത്തിലെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.