മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഉൽപന്നങ്ങൾ വിപണിയിലെത്തി. ചെറുകിട സ്ഥാപനങ്ങളിൽ ഉൽപന്നങ്ങൾ എത്തിയതോടെ ദേശീയദിന ഉൽപന്നങ്ങളുടെ വിപണി മെല്ലെ ചലിക്കാൻ തുടങ്ങി. എന്നാൽ, ഫലസ്തീൻ പ്രശ്നം വിപണിയെ ബാധിക്കുമോ എന്ന് ആശങ്കിക്കുന്നവരുമുണ്ട്.
അതിനിടെ, അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനെതിരെ ശക്തമായ നടപടിയുമായി അധികൃതർ രംഗത്തെത്തി. അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പു വരുത്താൻ അധികൃതർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും ആരംഭിച്ചു. അധികൃതരുടെ അനുമതിയോടെ ഉണ്ടാക്കിയതോ ഇറക്കുമതി ചെയ്തതോ ആയ രാജകീയ എംബ്ലം, കൊടി, ഒമാന്റെ മാപ്പ് തുടങ്ങിയ ഉൽപന്നങ്ങൾ മാത്രമേ വിൽപന നടത്താൻ പാടുള്ളൂ. അല്ലാത്തവ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഉൽപന്നങ്ങളിലോ പരസ്യങ്ങളിലോ രാജകീയ ചിഹ്നം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ അപേക്ഷകൾ സമർപ്പിക്കണം. ഉൽപന്നങ്ങളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ അപേക്ഷക്കൊപ്പം നൽകണം. പരിശോധനകൾക്കുശേഷം അധികൃതർ അംഗീകാരം നൽകുന്ന ഉൽപന്നങ്ങൾ മാത്രമാണ് വിപണിയിൽ ഇറക്കാൻ അനുവദിക്കുക. അംഗീകാരം ലഭിക്കുന്ന ഉൽപന്നങ്ങൾക്ക് പ്രത്യേക കോഡ് നമ്പറും ലഭിക്കും. അധികൃതർ സ്ഥാപനങ്ങളിൽ പരിശോധനക്കെത്തുമ്പോൾ ഈ കോഡ് നമ്പറുകൾ കാണിച്ച് കൊടുക്കേണ്ടിവരും.
തങ്ങൾ ഈ വർഷം ദേശീയ ദിനത്തിന്റെ ഭാഗമായി 80ലധികം ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതായി മത്രയിലെ മൊത്ത വ്യാപാര സ്ഥാപനമായ അമൽ പയനീയേഴ്സ് ഇന്റർനാഷനലിന്റെ മാനേജിങ് ഡയറക്ടർ കണ്ണൂർ എടക്കാട് സ്വദേശി റാസിഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ടീഷർട്ടുകൾ, കൊടികൾ, ഷാളുകൾ, ബാഡ്ജുകൾ, കീചെയിൻ, കണ്ണട തുടങ്ങിയ ഉൽപന്നങ്ങൾ ഇതിൽ ഉൾപ്പെടും.
ഇവ ചൈനയിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചത്. ഈ ഉൽപന്നങ്ങളുടെ അംഗീകാരത്തിനായി മന്ത്രാലയത്തിൽ നേരത്തേ തന്നെ അപേക്ഷ നൽകിയിരുന്നു. ഇതിൽ അംഗീകാരം ലഭിച്ച ഉൽപന്നങ്ങൾ ഉണ്ടാക്കാൻ പിന്നീട് ഓർഡർ നൽകുകയായിരുന്നു. ഇവയിൽ പലതിനും നേരത്തേ തന്നെ ഓർഡർ കൊടുത്തതിനാൽ ഫലസ്തീൻ അടക്കമുള്ള പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും രണ്ടും കൽപിച്ച് വിപണിയിലിറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതലാണ് അധികൃതർ നിയമം കർശനമാക്കിയത്. കഴിഞ്ഞ വർഷം അധികൃതരിൽനിന്ന് അനുവാദം വാങ്ങിയ ഏക സ്ഥാപനം തങ്ങളായിരുന്നുവെന്നും റാസിഖ് പറഞ്ഞു.
അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ വിൽപനക്കുവെച്ചാൽ നടപടികളുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മൊത്തവ്യാപാര സ്ഥാപനങ്ങളിൽനിന്ന് രാജകീയ ചിഹ്നമുള്ളതടക്കമുള്ള ഉൽപന്നങ്ങൾ വാങ്ങുന്ന ചെറുകിട കടക്കാർ അവയുടെ ലൈസൻസ് നമ്പർ കൂടി ബില്ലിനൊപ്പം വാങ്ങണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദേശീയദിന ഉൽപന്നങ്ങളുടെ വ്യാപാരം ഞാണിന്മേൽ കളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷത്തെയും ഉൽപന്നങ്ങൾ പ്രത്യേകം നിർമിക്കുന്നതിനാൽ അവ വിറ്റഴിഞ്ഞില്ലെങ്കിൽ വരും വർഷങ്ങളിൽ വിൽപന കഴിയില്ല. അതിനാൽ വിറ്റഴിച്ചില്ലെങ്കിൽ വൻ നഷ്ടമാണ് ഉണ്ടാവുക. രണ്ടും കൽപിച്ചാണ് ഇറക്കുന്നതെന്ന് കഴിഞ്ഞ പത്തു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന റാസിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.