മസ്കത്ത്: നെറ്റ്വർക്ക്/ പിരമിഡ് മാർക്കറ്റിങ് രീതിയിൽ സാധനങ്ങൾ വിൽപന നടത്തുന്നത് ഒമാനിൽ ഇനി നിയമവിരുദ്ധം. വ്യവസായ-വാണിജ്യ- നിക്ഷേപക പ്രോത്സാഹന മന്ത്രി എൻജിനീയർ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് ഞായറാഴ്ചയാണ് ഇത്ു സംബന്ധിച്ച ഉത്തരവിറക്കിയത്.
സാധനങ്ങളും സേവനങ്ങളും നെറ്റ്വർക്ക്/ പിരമിഡ് മാർക്കറ്റിങ് വഴി വിൽപന നടത്തുന്നതും വാങ്ങുന്നതും പരസ്യം നൽകുന്നതുമെല്ലാം നിയമലംഘനമായി കണക്കിലെടുക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ഇലക്ട്രോണിക്, ഇലക്ട്രോണിക് ഇതര രീതികൾക്കും നിരോധം ബാധകമാണ്. നിയമലംഘകർക്ക് 5000 റിയാൽ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാവുകയും ചെയ്യും. റോയൽ ഡിക്രി 55/90 പ്രകാരമുള്ള വാണിജ്യ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറയുന്നു.
ഉപഭോക്താക്കളോട് കൂടുതൽ പേരെ കൊണ്ട് സാധനം അല്ലെങ്കിൽ സേവനം വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെ ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം നൽകുകയും ചെയ്യുന്ന തരത്തിലുള്ള ബിസിനസ് പ്രവർത്തനങ്ങളാണ് നിരോധനത്തിെൻറ പട്ടികയിൽ വരുന്നതെന്ന് മന്ത്രിതല ഉത്തരവിൽ പറയുന്നു.
ആദ്യ ഉപഭോക്താക്കൾക്കാണ് ഈ രീതിയിലൂടെ സാമ്പത്തിക മെച്ചം ലഭിക്കുക. കൂടുതൽ ഉപഭോക്താക്കളെ ചേർത്ത് പണം സ്വരൂപിക്കുകയാണ് ഇത്തരം ബിസിനസുകളുടെ രീതിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വാണിജ്യ മേഖലയിലെ തട്ടിപ്പുകൾ ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം വിപണന രീതികൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം മേധാവി മുബാറക്ക് മുഹമ്മദ് അൽ ദൊഹാനി അറിയിച്ചു.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുകയും ലക്ഷ്യമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങൾ നെറ്റ്വർക്ക് മാർക്കറ്റിങ്ങിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മുബാറക്ക് മുഹമ്മദ് അൽ ദൊഹാനി പറഞ്ഞു. നെറ്റ്വർക്ക് മാർക്കറ്റിങ് പ്രവർത്തനങ്ങളെ കുറിച്ച വിവരങ്ങൾ 80000070 എന്ന മന്ത്രാലയത്തിന്റെ കാൾ സെന്റർ നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.