മസ്കത്ത്: ദക്ഷിണ കൊറിയൻ കമ്പനിയായ ജി.എസ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ അൽ ഗൂബ്രയിലും ബർകയിലും 400 ദശലക്ഷം ഡോളർ ചെലവിൽ വൻ ജലശുദ്ധീകരണ പദ്ധതികൾ നിർമിക്കുന്നു. പൂർണമായും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഇൗ പദ്ധതി യാഥാർഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലും ബാത്തിന ഗർണറേറ്റിലും അനുഭവപ്പെടുന്ന ജലക്ഷാമം പൂർണമായും പരിഹരിക്കപ്പെടും. പദ്ധതിക്ക് നിക്ഷേപമിറക്കുന്നതും പദ്ധതി വികസിപ്പിക്കുന്നതും പ്രായോഗികവത്കരിക്കുന്നതുമൊക്കെ സ്വകാര്യമേഖല തന്നെയാണ്.
രണ്ട് വൻ ജലശുദ്ധീകരണ പദ്ധതികൾ ആരംഭിക്കാനുള്ള അംഗീകാരം കഴിഞ്ഞദിവസമാണ് ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുയർമെൻറ് കമ്പനിയിൽനിന്ന് ജി.എസ് എൻജിനീയറിങ്ങിന് ലഭിച്ചത്.
ഇതിൽ ഏറ്റവും വലിയ ശുദ്ധീകരണ പദ്ധതി അൽ ഗൂബ്രയിലാണ് നിർമിക്കുക. 2024 മധ്യത്തോടെ നിർമാണം പൂർത്തിയാവുന്ന ഇൗ പദ്ധതി ഇൗ വിഭാഗത്തിൽപെട്ട ഒമാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പദ്ധതിയാണ്. ദിവസവും മൂന്നു ലക്ഷം ഘന മീറ്റർ ജലമാണ് ഇവിടെ ഉൽപാദിപ്പിക്കുക. 275 ദശലക്ഷം ഡോളറാണ് നിക്ഷേപം നടത്തുന്നത്.
ബർക്ക നിലവിൽ ജലശുദ്ധീകരണ പദ്ധതികളുടെ കേന്ദ്രമാണ്. ബാത്തിന മേഖലയിൽ നിലവിൽ ജലക്ഷാമം നേരിടുന്നുമുണ്ട്. ബർക്കയിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ 1.01 ലക്ഷം ഘനമീറ്റർ ജലമാണ് ദിവസവും ഉൽപാദിപ്പിക്കാൻ കഴിയുക. 129 ദശലക്ഷം ഡോളറാണ് പദ്ധതിയിൽ നിക്ഷേപമായി ഇറക്കുന്നത്. 2023 മധ്യത്തോടെ പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. അതോടൊപ്പം ഇറ്റാലിയൻ കമ്പനിയും ജല ശുദ്ധീകരണ പദ്ധതിയുമായി രംഗത്തുണ്ട്. എഞ്ചിനീയറിങ് പ്രൊക്യുയർമെൻറ് ആൻറ് കൺസട്രക്ഷൻ കമ്പനിയുമായി സഹകരിച്ച് രണ്ട് ജല ശുദ്ധീകരണ പദ്ധതികൾ നിർമിക്കും. ഇതിെൻറ അംഗീകാരവും കഴിഞ്ഞ ദിവസം കമ്പനിക്ക് ലഭിച്ചിരുന്നു. രണ്ട് പദ്ധതിക്കും 330 ദശലക്ഷം റിയാലാണ് നിക്ഷേപം ഇറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.