മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ബോർഡ് ഓഫ് ഡയറക്ടറിലേക്കുളള തെരഞ്ഞെടുപ്പ് വിദേശ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കുമെന്ന് സാമൂഹിക പ്രവർത്തകനായ സുഹാർ ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടർ അബ്രഹാം രാജു തനങ്ങാടൻ പറഞ്ഞു. ബോർഡ് ഓഫ് ഡയറേക്ടഴ്സിലേക്ക് മത്സരിക്കാൻ വിദേശികൾക്ക് അവസരം ലഭിക്കുക എന്നതുതന്നെ വലിയ കാര്യമാണ്.
ഭരണകർത്താക്കളുടെ വിവേകപൂർണവും ദീർഘ വീക്ഷണത്തോടെയുമുള്ള ഇത്തരം കാഴ്ചപ്പാടുകൾക്ക് നന്ദിപറയുകയാണ്. താൻ വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ഏറ്റവും വലിയ മാനുഷിക വിഭവമായ യുവജനങ്ങളെ പരിഗണിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട ബിസിനസ് രംഗത്തേക്ക് നിക്ഷേപം ആകർഷിക്കാനും പദ്ധതികൾ ആവിഷ്കരിക്കും. മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമാണ് ഒമാൻ. ഇവരെ ക്രിയാത്മകമായി ഉപയോഗിക്കുകയാണെങ്കിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസസ്ഥക്ക് കൂടുതൽ സംഭാവന ചെയ്യാൻ സാധിക്കും. ഇതിനായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് നൂതന ആശയങ്ങൾ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സ്വദേശികളും വിദേശികളുമായുള്ള വിശാലമായ ബന്ധമാണുള്ളത്. ഇവരുടെ കാഴ്ചപ്പാടുകൾകൂടി പരിഗണിച്ച് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് വിവിധങ്ങളായ ആശയങ്ങൾ രൂപപ്പെടുത്താൻ കഴിയും. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതാണ് ഷിപ്പിങ് രംഗമെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ വിഷൻ 2040 ലക്ഷ്യമാക്കിയാണ് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇത് യഥാസമയം പൂർത്തിയാക്കണമെങ്കിൽ ഇപ്പോൾതന്നെ മികച്ച മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1983 മുതൽ ഒമാനിൽ പ്രവർത്തിക്കുന്ന സുഹാർ ഷിപ്പിങ് ട്രാൻസ്പോർട്ട് ആൻഡ് ട്രേഡിങ് ഏജൻസീസിന്റെ മാനേജിങ് ഡയറക്ടറാണ് അബ്രഹാം രാജു. 195 രാജ്യങ്ങളിലെ 700 കര, കടൽ തുറമുഖങ്ങളുമായി കയറ്റുമതി ഇറക്കുമതി അനുവാദമുള്ള കമ്പനിയുടെ മേധാവിയാണ്. ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.