മസ്കത്ത്: ഈ വർഷത്തിന്‍റെ അവസാന പാദത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്‍ററിൽ (ഒ.സി.ഇ.സി) 50 ലധികം പ്രധാന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പരിപാടികളിലൂടെ മൂന്ന് ലക്ഷത്തിലധികം ആളുകൾ സംബന്ധിക്കുമെന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ സി.ഇ.ഒ എൻജിനീയർ സയീദ് അൽ ഷൻഫാരി പറഞ്ഞു. ഒമാനി ടൂറിസം മേഖലയിൽ നിന്നുള്ള 300ലധികം പ്രതിനിധികളെ ആകർഷിക്കുന്ന ഒമാൻ ടൂറിസം ഫോറം സെപ്റ്റംബർ 27, 28 തീയതികളിൽ നടക്കും.
29ന് റെജെനറോൺ ഇന്റർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെയറിന്റെ (ഐ.എസ്.ഇ.എഫ്) മിഡിലീസ്റ്റ് അവാർഡുകളും അരങ്ങേറും. ആയിരത്തിലധികം ആളുകൾ ഈ പരിപാടിയിൽ സംബന്ധിക്കുമെന്നാണ് കരുതുന്നത്. ഭക്ഷ്യമേളയും ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസും 26മുതൽ 28വരെ നടക്കും. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ. വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ, ആരോഗ്യ സുരക്ഷ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കും.
മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെൻററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ടാവും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, കൃഷി, പുത്തൻ ഉൽപന്ന മേഖല എന്നിവയെ കേന്ദ്രീകരിച്ചുള്ള പരിപാടികളും ഫാഷൻ ഷോയും ഒക്ടോബറിൽ സംഘടിപ്പിക്കുമെന്ന് അൽ ഷാൻഫാരി പറഞ്ഞു.
ഒക്‌ടോബർ 10ന് അൽ-നിംർ ഇന്റർ നാഷനൽ കമ്പനി ത്രിദിന എക്‌സിബിഷൻ സംഘടിപ്പിക്കും. 24ന് എജ്യുട്രാക്ക് ഒമാനും 25ന് പ്രോജക്‌ട് ഒമാനും ഒമാൻ എക്‌സിബിഷനും സെക്യൂരിറ്റി ആൻഡ് ഫയർ സേഫ്റ്റിയും വിവിധ പരിപാടികൾ നടത്തും.
ഒമാൻ മാരിടൈം കോൺഫറൻസ് 24 മുതൽ 27വരെ നടക്കും. സുൽത്താനേറ്റിന്റെ സമുദ്ര പൈതൃകം, മറൈൻ ലോജിസ്റ്റിക്‌സ്, മറൈൻ സപ്ലൈ ചെയിൻ, തുറമുഖ മാനേജ്‌മെന്റ്, ഫിഷ് ഫാമിങ്, മറൈൻ മാർക്കറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികൾ തമ്മിലുള്ള ആശയവിനിമയം, സാംസ്‌കാരിക വിനിമയം എന്നിവക്ക് ഈ കോൺഫറൻസ് വേദിയാകും. രണ്ടായിരത്തിലധികം ആളുകൾ മേളയുടെ ഭാഗമായി പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സംഗീത സാംസ്കാരിക പരിപാടിയായ 'ഒമാൻ നൈറ്റ്‌സ്' നവംബർ രണ്ട്, മൂന്ന് തീയതികളിലും മസ്കത്ത് ആർട്സ് ഫെസ്റ്റിവൽ മൂന്ന് മുതൽ നാലുവരെയും നടക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള 600ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന 89ാമത് യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസ് 14 മുതൽ 17 വരെ നടക്കും. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് 21 ദിവസത്തേക്ക് ഫുട്ബാൾ ആരാധകർക്കായി പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.
ഡിസംബർ ഒന്ന് മുതൽ അഞ്ചുവരെ മസ്‌കത്ത് ഇന്റർനാഷനൽ ജ്വല്ലറി എക്‌സിബിഷൻ, അഞ്ച് മുതൽ ഏഴുവരെ ഗ്രീൻ ഹൈഡ്രജൻ ഉച്ചകോടിയും പ്രദർശനവും, ഏഴ്, എട്ട് തീയതികളിൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ കോൺഫറൻസ് ഓൺ ഇന്നൊവേറ്റിവ് എയർപോർട്ടുകൾ, 11ന് ഒമാൻ അഗ്രോ എക്‌സിബിഷനും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.