മസ്കത്ത്: ജി.സി.സി എൻഡോവ്മെന്റ്, ഇസ്ലാമിക്, മതകാര്യ മന്ത്രിമാരുടെ ഒമ്പതാമത് യോഗം മസ്കത്തിൽ ചേർന്നു. ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
എൻഡോവ്മെന്റ് വിഷയങ്ങളിലും മത-ഇസ്ലാമിക കാര്യങ്ങളിലും ജി.സി.സി നേതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് യോഗത്തിന്റെ ചെയർമാനും ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് സഈദ് അൽ മഅമരി പറഞ്ഞു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും എൻഡോവ്മെന്റ്, വൈജ്ഞാനിക ഗവേഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണത്തിനുള്ള കാഴ്ചപ്പാടുകൾ തുറക്കാനുമുള്ള അവസരമാണ് യോഗമെന്ന് മന്ത്രി വിശദീകരിച്ചു.
ഫലസ്തീൻ ജനതയോടുള്ള സുൽത്താനേറ്റിന്റെ നിരന്തരമായ ഐക്യദാർഢ്യവും കുട്ടികൾക്കും നിരപരാധികളായ സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതായും മന്ത്രി ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ തത്ത്വങ്ങൾക്കനുസൃതമായി തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗസ്സയിലെ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. അവിടെയുള്ള ജനങ്ങൾക്ക് മാനുഷിക സഹായം നൽകുകയും ഗസ്സയിലും മറ്റ് ഫലസ്തീൻ പ്രദേശങ്ങളിലുമുള്ള നിയമവിരുദ്ധ ഉപരോധം പിൻവലിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.