മസ്കത്ത്: നിക്ഷേപക മേഖലയിലെ അവസരങ്ങൾ തുറന്നുകാട്ടി ഒമാൻ-ഇന്ത്യ ഇൻവെസ്റ്റ്മെന്റ് ഫോറം മസ്കത്തിൽ നടന്നു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) സംഘടിപ്പിച്ച ഫോറത്തിൽ ഇരുരാജ്യങ്ങളിലെയും നിരവധി നിക്ഷേപകരും ബിസിനസ് ഉടമകളും രണ്ട് സൗഹൃദ രാജ്യങ്ങളിലെയും സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാരും പങ്കെടുത്തു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ആശ്രയിക്കാവുന്ന വാഗ്ദാനമായ മേഖലകൾ, ഊർജം, ഖനനം, ഭക്ഷ്യസുരക്ഷ, ഉൽപാദന വ്യവസായങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്സ്, ടൂറിസം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എന്നിവ ഉൾപ്പെടുന്നതിനെ പറ്റിയും ചർച്ച ചെയ്തു.
ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക സഹകരണവും വ്യാപാര നിക്ഷേപ കൈമാറ്റവും വർധിപ്പിക്കുന്നതിനെകുറിച്ച് ഫോറം ചർച്ച ചെയ്തതായി ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലെ ശ്രദ്ധേയമായ വളർച്ച സാമ്പത്തിക സഹകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേകിച്ച് ഒമാനി, ഇന്ത്യൻ സമ്പദ്വ്യവസ്ഥകളുടെ ഭാവി വീക്ഷണം സ്വകാര്യമേഖലയെ അടിസ്ഥാനമാക്കിയുള്ളതാണ്. മാൻ, ഇന്ത്യൻ കമ്പനികൾക്കും ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യം, ടൂറിസം തുടങ്ങിയ സുപ്രധാന മേഖലകളിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് താരിഫുകളുമായി ബന്ധപ്പെട്ട, വ്യാപാര നയങ്ങൾ, വിജ്ഞാന വിനിമയം, ചർച്ചകൾ എന്നിവയിലാണ് ഫോറം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗം ഡോ. അബ്ദുല്ല ബിൻ മസൂദ് അൽ ഹരിതി പറഞ്ഞു. ‘ഒമാൻ വിഷൻ 2040’മായി ബന്ധപ്പെട്ട നിരവധി വർക്കിങ് പേപ്പറുകളുടെ അവതരണവും നടന്നു. സുൽത്താനേറ്റിലെ നിക്ഷേപ അവസരങ്ങൾ, സവിശേഷതകൾ, പ്രോത്സാഹനങ്ങൾ, സൗകര്യങ്ങൾ എന്നിവ പരിചയപ്പെടുത്തി. ഇന്ത്യയിൽ ലഭ്യമായ നിക്ഷേപ അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് ഉടമകളും സ്പെഷലിസ്റ്റുകളും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.