മസ്കത്ത്: മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ വർധിപ്പിക്കുന്നത് സുപ്രീം കമ്മിറ്റിയുടെ പരിഗണനയിൽ. ഗതാഗത മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കടകളിലും പൊതുസ്ഥലങ്ങളിലുമടക്കം മാസ്ക് ധരിക്കാത്തവർക്ക് നിലവിൽ 20 റിയാലാണ് പിഴ ചുമത്തുന്നത്. നിയമലംഘകർ വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുക ലക്ഷ്യമിട്ടാണ് പിഴയിൽ വർധനവ് വരുത്താനുള്ള നീക്കം. നിയമലംഘനം സംബന്ധിച്ച പരിശോധന ഉൗർജിതമാക്കുമെന്നും അൽ ഫുതൈസി പറഞ്ഞു. കര, വ്യോമ അതിർത്തികൾ ഉടൻ തുറക്കില്ലെന്നും ഡോ. അൽ ഫുതൈസി പറഞ്ഞു. രോഗ പകർച്ച സംബന്ധിച്ച സൂചകങ്ങൾ അതിർത്തികൾ തുറക്കുന്നതിന് അനുകൂലമല്ല.
സ്വദേശികൾക്ക് രാജ്യത്തിന് പുറത്തുപോകുന്നതിനുള്ള വിലക്ക് ഇപ്പോഴും നിലവിലുണ്ട്. രാജ്യത്തേക്ക് വരുന്ന സ്വദേശികൾക്കായി ക്വാറൈൻറനും നിലവിലുണ്ട്. വ്യോമയാന മേഖലയുടെ പ്രവർത്തന ചെലവ് കുറക്കുന്നതിന് നടപടികൾ കൈകൊണ്ടിട്ടുണ്ട്. ഒമാൻ എയറിലെ നിരവധി പൈലറ്റുമാരെയും ജീവനക്കാരെയും ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാന കമ്പനിയുടെ മോശം സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് നടപടി. വ്യോമയാന മേഖല തകരാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി ഫുതൈസി പറഞ്ഞു. എണ്ണ ഖനന മേഖലകളിലേക്കുള്ള ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. സ്വകാര്യ സേവന ദാതാക്കളായ ശർഖിയ എയർവേസിെൻറ പ്രവർത്തനവും പുനരാരംഭിച്ചു.
ഫെബ്രുവരി ഒന്നു മുതൽ ജൂൺ 30 വരെ കാലയളവിലായി സ്വദേശികളെ തിരികെയെത്തിക്കുന്നതിനും ചരക്കു ഗതാഗതത്തിനുമായി മൊത്തം 2400 വിമാനങ്ങൾ സർവീസ് നടത്തിയെന്നും ഫുതൈസി പറഞ്ഞു. പത്രങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച വിഷയം ടെക്നികൽ കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്. ഇത് അടുത്ത സുപ്രീം കമ്മിറ്റി യോഗത്തിൽ അനുമതിക്കായി അവതരിപ്പിക്കും. ഹോട്ടലുകളിലും പൊതുഹാളുകളിലുമായി ഇൻഡോർ പരിപാടികൾക്ക് അനുമതി നൽകുന്നതിെൻറ സാധ്യതകൾ പഠിച്ചുവരുകയാണ്. ടെക്നികൽ കമ്മിറ്റിയുടേതാണ് ഇതിൽ അന്തിമ തീരുമാനം. ഒാൺലൈൻ ഡെലിവറി തൊഴിൽ മേഖലയിലെ അനാരോഗ്യകരമായ മത്സരാന്തരീക്ഷത്തിൽ നിന്ന് സ്വദേശി യുവാക്കൾക്ക് സംരക്ഷണം നൽകുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന വിഷയവും ടെക്നികൽ കമ്മിറ്റി പരിഗണിക്കുമെന്ന് അൽ ഫുതൈസി കൂട്ടിച്ചേർത്തു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.