മസ്കത്ത്: കമ്പനികളുടെ രഹസ്യരേഖകളിലെ ഉള്ളടക്കം പരസ്യമാക്കുന്നത് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കും നിശ്ചിത കാലയളവിലേക്കുള്ള കരാറിൽ ജോലിചെയ്യുന്നവർക്കും ഇൗ നിയമം ബാധകമാണെന്ന് അസി.പബ്ലിക് പ്രോസിക്യൂട്ടർ റാഷിദ് ബിൻ ഉബൈദ് അൽ കഅ്ബി പ്രാദേശിക റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരാൾ എന്തെങ്കിലും കാരണവശാൽ ജോലി രാജിവെക്കുകയോ ജോലിയിൽനിന്ന് പുറത്തുവരുകയോ ചെയ്താൽ തൊഴിൽ രേഖകൾ പുറത്തുവിടാൻ നിയമം അനുമതി നൽകുന്നില്ല. ഒന്നുകിൽ ആ രേഖകളുടെ രഹസ്യസ്വഭാവം കമ്പനി നീക്കം ചെയ്യുകയോ അല്ലെങ്കിൽ അയാൾ പങ്കാളിയായിരുന്ന രഹസ്യ സ്വഭാവത്തിലുള്ള ജോലി അവസാനിക്കുകയോ വേണം. അതുവരെ ആ രേഖകൾ രഹസ്യ രേഖകൾ തന്നെയായിരിക്കുമെന്നും അൽ കഅ്ബി പറഞ്ഞു.
രഹസ്യ രേഖ ചോർത്തുന്നതിനൊപ്പം അതിലെ ഉള്ളടക്കം കൈമാറുന്നതും കുറ്റകരമായ പ്രവൃത്തിയാണ്. സ്ഥാപനങ്ങളുടെ രഹസ്യ രേഖകൾ കൈവശം വെക്കുന്നതും കുറ്റകരമായ കാര്യമാണ്. ആർക്കെങ്കിലും ഇത്തരം രേഖകൾ ലഭിക്കുന്ന പക്ഷം അത് ബന്ധപ്പെട്ട സ്ഥാപനത്തിലോ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ പബ്ലിക് പ്രോസിക്യൂഷനിലോ ഏൽപ്പിക്കുകയാണ് വേണ്ടത്. പൊതുതാൽപര്യത്തിന് വിരുദ്ധമായ കുറ്റകൃത്യമായി കണക്കാക്കുന്നതിനാൽ പബ്ലിക് പ്രോസിക്യൂഷന് ആരുമായും ആശയവിനിമയം നടത്താതെ ഇവ എങ്ങനെയാണ് ചോർന്നതെന്ന കാര്യം അന്വേഷിക്കാവുന്നതാണ്. ചില സമയങ്ങളിൽ രേഖകളുമായി ബന്ധപ്പെട്ട കക്ഷികളിൽനിന്ന് ഇത് യഥാർഥത്തിലുള്ളതാണോ അതോ വ്യാജമായി സൃഷ്ടിച്ചതാണോയെന്നതടക്കം വിവരങ്ങൾ തേടാറുണ്ടെന്നും അൽ കഅ്ബി പറഞ്ഞു.
അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ പ്രാധാന്യമനുസരിച്ച് നാലു വിഭാഗങ്ങളായാണ് ഇത്തരം രേഖകളെ തിരിച്ചിരിക്കുന്നത്. രാജ്യത്തിെൻറ സുരക്ഷക്കും ഭദ്രതയുമായി ബന്ധപ്പെട്ട രേഖകളാണ് ‘ടോപ് സീക്രട്ട്’ എന്നറിയപ്പെടുന്ന ഒന്നാമത്തെ വിഭാഗം. സേനാ നീക്കങ്ങൾ, ഭരണകൂടവുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ചോർച്ച വഴി രാജ്യത്തിെൻറ താൽപര്യത്തിന് മോശമുണ്ടാക്കുന്നവയാണ് സീക്രട്ട് എന്നറിയപ്പെടുന്ന രണ്ടാമത്തെ വിഭാഗത്തിലെ രേഖകൾ. ചോർച്ച വഴി രാജ്യത്തിനോ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾക്കോ ഭരണപരമോ സാമ്പത്തികപരമോ ആയ ബുദ്ധിമുട്ട് ഉണ്ടാകുന്നതോ മറ്റു രാജ്യങ്ങൾക്കോ സ്ഥാപനങ്ങൾക്കോ നേട്ടങ്ങളുണ്ടാക്കുന്ന രേഖകളാണ് മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നത്.
വ്യക്തിയുടെയോ സ്ഥാപനങ്ങളുടെയോ പൊതുജനങ്ങൾക്ക് മുന്നിലുള്ള മാന്യതക്ക് കോട്ടം തട്ടുന്ന രീതിയുള്ള വിവര ചോർച്ചയും ഇൗ വിഭാഗത്തിൽ ഉൾപ്പെടും. പുറത്തുവിടുന്നത് ഉത്തമമല്ലാത്ത രേഖകളാണ് അവസാന വിഭാഗത്തിലുള്ളത്. രാജ്യ താൽപര്യവുമായി ബന്ധപ്പെട്ടത് അല്ലെങ്കിൽ സ്ഥാപനങ്ങളുടെ സാമ്പത്തിക, ധനകാര്യ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകളാണ് ഇവ. ആദ്യ രണ്ട് വിഭാഗങ്ങളിലെ രേഖകൾ പരസ്യമാക്കുന്നവർക്ക് അഞ്ചുവർഷം വരെ തട് ശിക്ഷ ലഭിക്കും. അവസാന രണ്ട് വിഭാഗങ്ങളിലെ രേഖകൾക്ക് രണ്ടുവർഷം തടവുശിക്ഷയും 500 റിയാൽ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.