മസ്കത്ത്: രണ്ടുമാസത്തെ വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഒമാൻ. ഫലസ്തീൻ ജനതക്കെതിരായ ഈ വ്യവസ്ഥാപിത കുറ്റകൃത്യങ്ങൾ കഴിഞ്ഞ ജനുവരിയിൽ അവസാനിച്ച വെടിനിർത്തൽ കരാറിന്റെ മാത്രമല്ല, എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും വ്യക്തവും നഗ്നവുമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യരാശിക്കെതിരായ ഈ ക്രൂരമായ ആക്രമണം അവസാനിപ്പിക്കുന്നതിനും, സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും, അധിനിവേശ ഇസ്രായേൽ രാഷ്ട്രത്തെ അതിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമണൈന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ ഗസ്സയിൽ നൂറിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത കൂട്ടക്കുരുതിയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേർ മരിച്ചതായാണ് റിപ്പോർട്ട്. 660 ലേറെ പേർക്ക് പരിക്കേറ്റു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയർന്നേക്കും. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ ആശുപത്രികളിൽ ഇപ്പോഴും മൃതദേഹങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യമനിൽ അമേരിക്ക നേരിട്ട് കനത്ത വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് വൈറ്റ് ഹൗസിന്റെ നിറപിന്തുണയോടെ ഗസ്സയിലുടനീളം ചൊവ്വാഴ്ചയാണ് ഇസ്രായേൽ ബോംബറുകളെത്തിയത്. ട്രംപ് ഭരണകൂടവുമായും വൈറ്റ്ഹൗസുമായും ചർച്ച നടത്തിയശേഷമാണ് ഇസ്രായേൽ ആക്രമണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.