മസ്കത്ത്: നാടിന്റെ ഗൃഹാതുരതയിലേക്ക് പ്രവാസികളെ കൂട്ടിക്കൊണ്ടുപോകുന്ന ഓണാഘോഷത്തിരക്കിൽ ഒമാനിലെ മലയാളി സമൂഹം. ആഴ്ചകൾക്ക് മുമ്പുതന്നെ തുടങ്ങിയ ഓണയൊരുക്കം ഉത്രാടപ്പാച്ചിലോടെ സജീവമാകും. ചൊവ്വാഴ്ചത്തെ തിരുവോണ സദ്യക്ക് കൂട്ടൊരുക്കാൻ സാധനങ്ങളെല്ലാം അടുക്കളയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.
അത്തം പിറന്നതിനു പിന്നാലെ, കഴിഞ്ഞയാഴ്ച മുതൽ തന്നെ ഓണാഘോഷങ്ങളും തുടങ്ങിയിരുന്നു. വാരാന്ത്യ അവധിയിൽ വിവിധ മലയാളി കൂട്ടായ്മകൾ വൈവിധ്യമാർന്ന ഓണപ്പരിപാടികളുമായി ഒത്തുകൂടുന്ന പതിവ് ഇത്തവണയും തുടക്കം കുറിച്ചിട്ടുണ്ട്.
തിരുവോണത്തെ വരവേൽക്കാനിരിക്കെ, പ്രവാസി വീടുകൾ പുക്കളമൊരുക്കിയും ഓണപ്പുടവ വാങ്ങിയും സദ്യവട്ടത്തിന് ഒരുക്കം കൂട്ടിയും ഓണത്തെ സ്വാഗതം ചെയ്യുന്നു. പ്രവൃത്തി ദിനമായതിനാൽ തിരക്കിനിടയിലായിരിക്കും ഇത്തവണ പ്രവാസികളുടെ ഉത്രാടപ്പാച്ചിലും തിരുവോണവുമെല്ലാം. എല്ലാ വർഷവുമെന്നപോലെ ഇക്കുറിയും നൂറുകണക്കിനുപേർ പങ്കെടുക്കുന്ന മത്സര പരിപാടികളും സദ്യയുമൊരുക്കി കൂട്ടായ്മകൾ രംഗത്തുണ്ട്.
നാട്ടിൽനിന്ന് അകലെയെങ്കിലും നാട്ടുരുചിയിൽത്തന്നെ ഓണസദ്യ തീൻ മേശയിലെത്തിക്കാനാണ് ഓരോരുത്തരും പരിശ്രമിക്കുന്നത്. അത്തം പിറക്കുമ്പോഴേക്കും ഹൈപ്പർ മാർക്കറ്റുകൾ മുതൽ റസ്റ്റാറന്റുകളും ചെറുകിട ഹോട്ടലുകളുമെല്ലാംതന്നെ ഇത്തവണ ഓണസദ്യ പ്രഖ്യാപിച്ചുകഴിഞ്ഞു.
മുൻകാലങ്ങളിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും റസ്റ്റാറന്റുകളിലുമായി ഓണസദ്യ ഒരുക്കിയതെങ്കിൽ ഇപ്പോൾ കൂടുതൽ ഇടങ്ങളിൽ സദ്യ ലഭിക്കുന്നുണ്ട്. ‘റെഡി മെയ്ഡ്’ ഓണസദ്യകളെ ആയിരിക്കും സ്ഥാപനങ്ങളും ചെറുകൂട്ടായ്മകളുമെല്ലാം കൂടുതലായി ആശ്രയിക്കുക.
മുൻകൂർ ബുക്ക് ചെയ്താൽ സദ്യ വീട്ടിലെത്തുന്ന സംവിധാനവുമുണ്ട്. തിരുവോണത്തിന് മുമ്പുതന്നെ ചില സ്ഥാപനങ്ങൾ സദ്യ ഓഫർ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ തിരുവോണ ശേഷവും ലഭിക്കും. എന്നാൽ, ചെറുകിട ഹോട്ടലുകൾ തിരുവോണ ദിനത്തിൽ മാത്രമാണ് സദ്യ നൽകുന്നത്. വാരാന്ത്യ ഒഴിവു ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവാസി സംഘടനകളുടെ ആഘോഷ പരിപാടികൾ പ്രധാനമായും നടക്കുന്നത്.
പച്ചക്കറികളും ഓണപ്പുടവകളുമായി വിപണി നേരത്തേതന്നെ സജീവമാണ്. അത്തം പത്തുദിവസവും പൂക്കളമൊരുക്കുന്ന നാട്ടിലെ പതിവുതെറ്റിക്കാത്ത പ്രവാസി മലയാളികൾ ഏറെയുണ്ട് ഒമാനിൽ. തിരുവോണം അടുത്തെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പൂക്കൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടായതായി കച്ചവടക്കാർ പറയുന്നു. ‘ഓണം സ്പെഷൽ’ പൂക്കൾ ലഭിക്കുന്ന ഷോപ്പുകളുണ്ട്.
പ്രവാസലോകത്ത് ഓണാഘോഷം വർഷം മുഴുവൻ നടക്കുന്നതാണ്. ഇതിൽ പൂക്കള മത്സരത്തിന് വലിയ പ്രാധാന്യമാണ് സംഘാടകർ നൽകുന്നത്. പൂക്കള മത്സരത്തിനുപുറമെ പായസ മത്സരം, വടംവലി തുടങ്ങിയവയും ആഘോഷങ്ങളിൽ ഇടംപിടിക്കുന്ന പ്രധാന ഇനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.