സൊഹാർ: സ്റ്റേജ് പരിപാടികൾ, മെഗാ ഷോകൾ, സ്കൂൾ കലോത്സവം എന്നിങ്ങനെ ശബ്ദവും വെളിച്ചവും വേണ്ട എല്ലാ വേദികളിലും കണ്ടുവന്നിരുന്ന സ്റ്റാൻഡിൽ കുത്തനെ നിർത്തിയ സ്പീക്കർ, മിമിക്രി കലാകാരന്മാരുടെ മുന്നിൽ നിരയായി നിർത്തിയ മൈക്കുകൾ, ഗ്രൂപ് ഡാൻസുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വർണ ലൈറ്റുകൾ ഇവയൊക്കെ പൊതുവേദിയിൽനിന്ന് പിൻവാങ്ങിയിട്ട് രണ്ടുവർഷമാകുകയാണ്.
2020 ജനുവരി ആദ്യം സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിൽ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സമയത്താണ് വേദികളിൽ ശബ്ദവും വെളിച്ചവും നിലച്ചുതുടങ്ങിയത്. അന്ന് ബുക്ക് ചെയ്തിരുന്ന പരിപാടികൾ മാറ്റിവെക്കുകയോ നിർത്തലാക്കുകയോ ചെയ്യുകയായിരുവെന്ന് സോഹാറിൽ 20 വർഷത്തോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ പ്രദീപൻ പറയുന്നത്. അതിനുശേഷം നിരവധി പരിപാടികൾ കരാർ ചെയ്തെങ്കിലും മൂന്നോ നാലോ പരിപാടികൾ മാത്രമേ നടന്നുള്ളൂ. അപ്പോഴാണ് കോവിഡിെൻറ വരവ്. പൊതുപരിപാടികൾ നിർത്തലാക്കിയതോടെ വിലപിടിപ്പുള്ള സൗണ്ട് ഉപകരണങ്ങൾ കട്ടപ്പുറത്തായി.
കോവിഡ് വ്യാപനം കുറയുമെന്നും വീണ്ടും വേദികൾ ഉണരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇത്രയും പിടിച്ചുനിന്നത്. കോവിഡ് വകഭേദം രൂക്ഷമാകുകയും ലോക്ഡൗൺപോലുള്ള കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ അടുത്തകാലത്തൊന്നും അരങ്ങുണരില്ല എന്ന് ബോധ്യമായെന്ന് പ്രദീപൻ പറഞ്ഞു. 25,000 റിയാലിെൻറ ഉപകരണങ്ങൾ തുരുമ്പെടുക്കാൻ തുടങ്ങിയപ്പോൾ എയർകണ്ടീഷൻ ജോലിചെയ്തിട്ടാണ് തൽകാലം പിടിച്ചുനിൽക്കുന്നത്. എല്ലാം വിറ്റ് നാട്ടിലേക്ക് പോകാൻ ഒരുക്കമാണ്, പേക്ഷ, ഈ സാധനങ്ങൾ ആക്രിവിലക്ക് വിൽക്കാൻപോലും കഴിയില്ല എന്ന് പ്രദീപൻ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റാർ ഹോട്ടലുകൾ നിരവധിയുള്ള മേഖലയിൽ എല്ലാ ആഴ്ചയിലും പരിപാടികളുണ്ടാകുമായിരുന്നു. സംഘടനകളും കമ്പനികളും നടത്തുന്ന പരിപാടികളായിരുന്നു മുഖ്യം. സൗണ്ട്സിസ്റ്റം, മിക്സർ, മൈക്, ലൈറ്റ് എന്നിവയെല്ലാം ഒതുക്കിട്ടിരിക്കുകയാണെന്ന് മറ്റൊരു സൗണ്ട് സിസ്റ്റം ഉടമയായ തകഴി സ്വദേശി പറയുന്നു. ഈ മേഖലയിൽ വലിയ തുക ഇറക്കി സൗണ്ട് സിസ്റ്റം നൽകുന്ന വമ്പൻ കമ്പനികളുടെയും അവസ്ഥ ഇതുതന്നെയാണ്. ഇവയെ ആശ്രയിച്ചു കഴിയുന്ന നിരവധി തൊഴിലാളികളും ആശ്രയമില്ലാതെ കിടക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു.
ഫാം ഹൗസുകൾ, ഹോട്ടൽ ഹാളുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ, കല്യാണ മണ്ഡപങ്ങൾ എന്നിവയും ഉപയോഗമില്ലാതെ കിടക്കുകയാണ്. മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും അവസ്ഥ ഒന്നുതന്നെയാണ്. സ്റ്റേജ് പരിപാടികൾ അടിമുടി മാറുന്ന കാലത്ത് അതിെൻറ ശബ്ദ വിന്യാസത്തിലും ആധുനിക സൗകര്യമുള്ള ഉപകരണങ്ങൾ ആവശ്യമായതിനാൽ പലരും ഏറ്റവും പുതിയ സംവിധാനങ്ങളാണ് വാങ്ങിക്കൂട്ടിയത്. ലക്ഷങ്ങൾ വിലവരുന്ന ഈ സാധനസാമഗ്രികളാണ് ഒന്നരവർഷമായി ചലനമറ്റുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.