മസ്കത്ത്: ബോധവത്കരണവും മറ്റും ഫലം കണ്ടതോടെ രാജ്യത്ത് കൂടുതൽ ആളുകൾ അവയവദാനത്തിനായി സന്നദ്ധത കാണിച്ചു തുടങ്ങി. 1988 മുതൽ ഇതുവരെ ഒമാനിൽ 347 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടത്തിയിട്ടുള്ളതെന്ന് തെക്കൻ ശർഖിയയിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ സൗദ് ബിൻ അമർ അൽ നാദ്രി പറഞ്ഞു. ഇതിൽ 325 വൃക്ക മാറ്റിവെക്കലും 22 കരൾ മാറ്റിവെക്കലുമാണ് ഉൾപ്പെടുന്നത്. അവയവ മാറ്റിവെക്കൽ ദേശീയ പരിപാടിയുമായി സഹകരിച്ച് സൂറിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.
ഈ പരിപാടിയിലാണ് നാദ്രി ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യ ജീവൻ രക്ഷിക്കുക എന്ന മാനുഷിക സന്ദേശമാണ് അവയവദാനത്തിലൂടെ നൽകുന്നതെന്ന് നാദ്രി പറഞ്ഞു. വർഷങ്ങളായി വേദന അനുഭവിക്കുന്ന ഒരു രോഗിയുടെ ദുരിതം അവസാനിപ്പിക്കാൻ ദാതാവ് നൽകുന്ന സേവനമാണിത്. മെഡിസിൻ, നിയമം, ശരീഅത്ത് എന്നിവ നിശ്ചയിക്കുന്ന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് അവയവദാനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനുമായി സഹകരിച്ച് ദേശീയ അവയവദാന കാമ്പയിനും ആരോഗ്യമന്ത്രാലയം നടത്തുന്നുണ്ട്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ വൃക്ക, കരൾ തകരാർ കൊണ്ടും മറ്റും പ്രയാസം അനുഭവിക്കുന്നത്. ഇവരിൽ പലർക്കും അവയവം മാറ്റിവെക്കലിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്യൂണിറ്റി അംഗങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ കാമ്പയിൻ നടത്തുന്നത്.
മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്ത ദാതാക്കളുടെ എണ്ണം 7,092 ആണെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച ‘ഷിഫ’ എന്ന അവയവമാറ്റ ശസ്ത്രക്രിയക്കായുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് രജിസ്റ്റർ ചെയ്തത്. അവയവദാനത്തെ മാനുഷിക പ്രവർത്തനമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി വിശേഷിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികളുടെ പുതിയ പ്രതീക്ഷയാണ് അവയവം മാറ്റിവെക്കൽ. 18 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരാണെങ്കിൽ ദാതാക്കളാകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.