മസ്കത്ത്: വിനോദസഞ്ചാരകേന്ദ്രമായ അൽ ഹൂത്ത ഗുഹയിലെ ഇലക്ട്രിക് ട്രെയിൻ സംവിധാനം പുനരാരംഭിക്കുന്നതിന് ആലോചന. ഇതിനായി ചർച്ച നടക്കുകയാണെന്ന് ഒമ്രാൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഹൂത്ത കേവ് കമ്പനി അറിയിച്ചു. റെയിൽവേ പദ്ധതിയിലെ ഒരു തകരാർ കാരണമാണ് ട്രെയിനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. ഇത് പരിഹരിച്ചുകൊണ്ട് സേവനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടരുകയാണെന്ന് കമ്പനിയിലെ പ്രോജക്ട് ഡയറക്ടർ ഇബ്രാഹിം ബിൻ സെയ്ദ് അൽ വഹൈബി പറഞ്ഞു. പദ്ധതിപ്രദേശം സന്ദർശിച്ച് ഇറാനിയൻ കമ്പനി സാങ്കേതിക, സാമ്പത്തിക വിലയിരുത്തൽ നടത്തിയിരുന്നു. ഇവരുടെ നിർദേശമാണ് പ്രധാനമായും കാത്തിരിക്കുന്നത്. ട്രെയിൻ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും ഗുഹ സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കുന്നുണ്ട്. സന്ദർശക കേന്ദ്രത്തിൽനിന്ന് മനുഷ്യനിർമിത തുരങ്കത്തിലേക്ക് ട്രെയിൻ സഞ്ചരിക്കുന്ന ദൂരം 500 മുതൽ 550 മീറ്റർ വരെയാണ്. കോവിഡ് കാലത്തെ യാത്രാവിലക്ക്, ലോക്ക്ഡൗൺ, മറ്റ് പ്രതിരോധ നടപടികൾ എന്നിവയുൾപ്പെടെ കാരണങ്ങളാലാണ് തകരാർ പരിഹരിക്കുന്നതിന് കാലതാമസമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കമ്പനിയെയാണ് സേവനത്തിന് ഉപയോഗപ്പെടുത്തുകയെന്നും കൂട്ടിച്ചേർത്തു.
4.5 കിലോമീറ്ററിലധികം നീളമുള്ള ഹൂത്ത ഗുഹ ഒമാനിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ജബൽ ശംസിന്റെ അടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്. ലക്ഷക്കണക്കിന് വർഷങ്ങളിലെ പ്രകൃതിദത്ത പ്രതിഭാസത്തിലൂടെ രൂപപ്പെട്ട ഗുഹയാണിത്. അൽ ഹംറ വിലായത്തിൽ സ്ഥിതിചെയ്യുന്ന അൽ ഹൂത്തയിൽ കോവിഡിനുമുമ്പ് പ്രതിവർഷം 60,000 വരെ സന്ദർശകരെത്തിയിരുന്നു. മഹാമാരിക്കുശേഷം സന്ദർശകരുടെ എണ്ണം 12,000 ആയി കുറഞ്ഞു. ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയ പശ്ചാത്തലത്തിൽ നേരത്തേ കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതി അധികൃതർ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.